രാജിവച്ച നടിമാര്‍ ശരി; പ്രതിസന്ധിയെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കണമെന്ന്‌ ചിന്ത

കോഴിക്കോട്: താരസംഘടന അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാത്തവര്‍ ചരിത്രത്തില്‍ കുറ്റക്കാരായിരിക്കുമെന്നും, സഹപ്രവര്‍ത്തകരോ താരസംഘടനയോ അവരെ തകര്‍ക്കുന്ന സമീപനമുണ്ടായിട്ടുണ്ടെങ്കില്‍ അതു തിരുത്തണമെന്നും ചിന്ത ജെറോം പറഞ്ഞു.

മാത്രമല്ല, പൊതുസമൂഹം നടിക്കൊപ്പം നില്‍ക്കുന്നതാണു നീതിയെന്നും, സഹപ്രവര്‍ത്തകരും താരസംഘടനയും നടിക്കു കരുത്ത് പകര്‍ന്നു കൂടെ നില്‍ക്കണമെന്നും ചിന്ത അഭിപ്രായപ്പെട്ടു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ചിന്തയുടെ തുറന്നുപറച്ചില്‍.

മനുഷ്യപക്ഷത്ത് നില്‍ക്കാന്‍ മടിക്കുന്നവര്‍ ചരിത്രത്തില്‍ കുറ്റക്കാരായിരിക്കും. ഭിന്നസ്വരങ്ങള്‍ക്കു പകരം പ്രതിസന്ധിയെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാനാണ് പൊതുസമൂഹം മനസ്സ് കാണിക്കേണ്ടത്. ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി അമ്മയില്‍ നിന്ന് രാജിവച്ചവര്‍ ശരിയുടെ പക്ഷത്താണ്. നിലവിലെ സമീപനം തുടര്‍ന്നാല്‍ നിരവധിപേര്‍ താരസംഘടന വിടുമെന്നും ചിന്ത ചൂണ്ടിക്കാട്ടി.

Top