ചിന്മയാനന്ദ് കേസ്; പരാതിക്കാരിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം, കേസ് ദുര്‍ബലപ്പെടുത്തുന്നുവെന്ന്. . .

ലക്‌നൗ:ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്‍കിയ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന്റെ നീക്കം. ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം പൊലീസ് ചുമത്തിയിരുന്നില്ല. എന്നാല്‍ ചിന്മയാനന്ദ് നല്‍കിയ പരാതിയില്‍ വിദ്യാര്‍ഥിനിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നും, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമുള്ള കുറ്റങ്ങളാണ് പരാതിക്കാരിക്കെതിരെ ചുമത്തുന്നത്. വിദ്യാര്‍ഥിനിയെ സഹായിച്ച സുഹൃത്തിനെയും രണ്ടു ബന്ധുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ റിമാന്‍ഡിലാണ്.

ചിന്‍മയാനന്ദിനെതിരായ പീഡനക്കേസ് ദുര്‍ബലപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നതായും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും പരാതി നല്‍കിയ യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. പൊലീസിനെതിരേ ഗുരുതര ആരോപണവുമായി ഇര തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ബലാത്സംഗ കുറ്റത്തിന് പകരം ലൈംഗിക വേഴ്ചക്കായി പദവി ദുരുപയോഗം ചെയ്തു എന്ന വകുപ്പാണ് പൊലിസ് 72 വയസ്സു പിന്നിട്ട ചിന്‍മയാനന്ദിനെതിരേ ചുമത്തിയിരിക്കുന്നത്. കേവലം അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവും പിഴയും ചുമത്താവുന്ന വകുപ്പ് മാത്രമാണിതെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

അതേസമയം ചിന്മയാനന്ദ്‌ നല്‍കിയ ഒരു പരാതിയില്‍ ഇരയുടെ പേരില്‍ കവര്‍ച്ച നടത്തിയെന്ന പേരില്‍ കേസും ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. യുവതിയുടെ സുഹൃത്തുക്കളായ മൂന്ന് പേരെയും പെലീസ്‌ അറസ്റ്റ് ചെയ്തു.

ചിന്മയാനന്ദ് ഡയറക്ടറായ നിയമ കോളജിലാണ് വിദ്യാര്‍ഥിനി പഠിച്ചിരുന്നത്. ചിന്മയാനന്ദ് ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നിന്നും നഗ്ന ദൃശ്യം പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തെന്ന് നിയമ വിദ്യാര്‍ഥിനി നേരത്തെ മൊഴി നല്‍കിയിരുന്നു. ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ തെളിവുകള്‍ പെണ്‍കുട്ടി അന്വേഷണ സംഘത്തിന് കൈമാറിമാറിയത്‌.

പരാതിയെ സാധൂകരിക്കുന്ന 43 വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പെണ്‍കുട്ടി അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ചിന്മയാനന്ദന്റെ മുറിയിലേക്ക് പതിവായി വിളിപ്പിക്കുകയും തോക്കിന്‍മുനയില്‍ നിര്‍ത്തി ശരീരം മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നതായും യുവതി പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

Top