ചിന്നക്കനാല്‍ റിസര്‍വ് ; വിജ്ഞാപനം പിന്‍വലിക്കണമെന്ന് എം.എം മണി

ഇടുക്കി : ഇടുക്കി ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമാക്കാനുള്ള വിജ്ഞാപനം പിന്‍വലിക്കണമെന്ന് എം.എം മണി. തുടര്‍നടപടികള്‍ മരവിപ്പിച്ചു എന്ന നിലപാട് ജനവിരുദ്ധവും കര്‍ഷകവിരുദ്ധവുമാണെന്ന് ജോസ് കെ മാണി പറഞ്ഞു. വിജ്ഞാപനം പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ചിന്നക്കനാല്‍ ഭൂസംരക്ഷണസമിതിയും വ്യക്തമാക്കി.

നവകേരള സദസ് മുന്നില്‍ കണ്ടാണ് തുടര്‍ നടപടികള്‍ മരവിപ്പിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. വിഞ്ജാപനം മരവിപ്പിക്കുകയല്ല റദ്ദാക്കണം എന്ന് ജോസ് കെ.മാണി എംപിയും പറഞ്ഞു. 1996 ഡിസംബര്‍ 12 ന് മുമ്പ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയിട്ടുള്ള ഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കേന്ദ്ര മാര്‍ഗ രേഖ വന്നാലും സെറ്റില്‍മെന്റ് ഓഫീസറെ നിയമിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നുമാണ് നിലവിലെ സര്‍ക്കാര്‍ തീരുമാനം.

എച്ച്.എന്‍.എല്ലിന്റെ കൈവശമിരുന്നതും ചിന്നക്കനാല്‍ വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്നതുമായ സ്ഥലമാണ് റിസര്‍വ് വനമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയത്. പട്ടയം ലഭിച്ചതും ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ ഭൂമിയും സംരക്ഷിത വനമേഖലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top