ടിക്ടോക്കിന്റെ സ്ഥാനം നേടിയെടുക്കാന്‍ ചിങ്കാരി; മൂന്ന് കോടി ഡൗണ്‍ലോഡ് പിന്നിട്ട് ആപ്പ്

ടിക്ടോക്കിന്റെ നിരോധനത്തിന് പിന്നാലെ ജനപ്രീതി നേടിയിരിക്കുകയാണ് ചിങ്കാരി എന്ന ഷോര്‍ട്ട് വിഡിയോ മേക്കിംഗ് ആപ്. ചൈനീസ് ആപ്പായ ടിക്ടോക് നിരോധിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്ന് കോടി ഡൗണ്‍ലോഡുകള്‍ പിന്നിട്ടുവെന്ന് ചിങ്കാരി ആപ്പ് സഹ സ്ഥാപകന്‍ സുമിത് ഘോഷ് പറഞ്ഞു. ടിക്ടോക് നിരോധിച്ച് 24 മണിക്കൂറിനകം തന്നെ 35 ലക്ഷം പേര്‍ ചിങ്കാരി ഡൗണ്‍ലോഡുകള്‍ നേടിയിരുന്നു.

”ഞങ്ങള്‍ ഒരുക്കിയിരിക്കുന്ന അത്യാധുനിക സേവനങ്ങളാണ് ചിംഗാരിയുടെ വളര്‍ച്ചയ്ക്ക് കാരണം. വീഡിയോയും ഓഡിയോയും എഡിറ്റ് ചെയ്യുന്നതിന് മികച്ച സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിഷ്വല്‍ എഫക്ടസിനും മറ്റും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള ഫില്‍ട്ടറുകളും ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്.”- സുമിത് ഘോഷ് പറഞ്ഞു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് കണക്കിലെടുത്തുകൊണ്ടാണ് ഇന്ത്യ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ നിരോധനങ്ങളില്‍ ആദ്യ ഘട്ടത്തിലാണ് ടിക്ക്ടോക്ക് നിരോധിച്ചത്.

ലോകത്തെ ടിക്ക്‌ടോക്ക് ഉപഭോക്താക്കളില്‍ 30.3 ശതമാനം ഇന്ത്യയിലായിരുന്നു. ഇന്ത്യയില്‍ ഏകദേശം 119 മില്ല്യണ്‍ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു ടിക്ക്ടോക്ക്.

Top