ചൈനയുടെ വാക്സിന് അംഗീകാരം; അടിയന്തിരമായി ഉപയോഗിക്കാം

ബെയ്ജിങ്: ചൈനീസ് കൊറോണ വാക്‌സിനായ സിനോഫോമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
അടിയന്തിര ഉപയോഗത്തിനാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌. ഡബ്ല്യുഎച്ച്ഒയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്‌സിനാണിത്. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ നയതന്ത്രം അടക്കമുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് ഗുണപ്രദമാകുന്നതാണ് ഡബ്‌ള്യുഎച്ച്ഒയുടെ അനുമതി. 79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്‌സിനാണിത്.

ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്‌സാണ് വാക്‌സിന്‍ വികസിപ്പിച്ചത്. രണ്ട് ഡോസ് വീതമായാണ് വാക്‌സിന്‍ നല്‍കുന്നത്. ഡബ്ല്യുഎച്ച്ഒയുടെ അനുമതി ലഭിക്കുന്ന ആറാമത്തെ വാക്‌സിനാണ് സിനോഫോം. യുഎഇ, പാകിസ്താന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്. ചൈനയില്‍ ഉള്‍പ്പെടെ 6.5 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായാണ് കണക്ക്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി.

Top