ഭീമൻ ചൈനീസ് റോക്കറ്റ് ഭൂമിയ്ക്കരികെ ; വൈകാതെ നിലംപതിക്കും

വാഷിങ്ടണ്‍: ചൈന പുതുതായി  നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി എന്ന റോക്കറ്റ് നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിക്കാനൊരുങ്ങുകയാണ്. ഭൂമിയ്ക്ക് തൊട്ടരികെ റോക്കറ്റ് എത്തിയന്നൊണ് ലഭ്യമാകുന്ന വിവരങ്ങള്‍. നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിക്കാനൊരുങ്ങുന്ന റോക്കറ്റിന്‌റെ ഭാഗങ്ങള്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം ഭൂമിയില്‍ എവിടെ വേണമെങ്കിലും പതിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നത്. വലിയൊരു ചരക്കുലോറിയോളം ഭാരം വരുന്ന റോക്കറ്റിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് നാസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍.

റോക്കറ്റിന്റെ സഞ്ചാരം നിരീക്ഷിച്ചു വരികയാണെന്നും ഭൂമിയില്‍ പതിക്കുന്നതിനു മുന്‍പ് ഇതു വെടിവെച്ചിടാനുള്ള പദ്ധതികളൊന്നുമില്ലെന്നും യുഎസ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ആള്‍ത്താമസമില്ലാത്ത ഏതെങ്കിലും മേഖലയിലായിരിക്കും റോക്കറ്റ് പതിക്കുക എന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം വിക്ഷേപിച്ച  റോക്കറ്റിന്റെ 18 ടണ്ണോളം വരുന്ന പ്രധാന ഭാഗം ഇത്തരത്തില്‍ ഭൂമിയിലേയ്ക്ക് പതിക്കാന്‍ പോകുന്ന ഏറ്റവും വലിയ വസ്തുവായിരിക്കും. റോക്കറ്റ് പതനത്തെപ്പറ്റി ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

Top