Chinese warships enter South China Sea near Taiwan in show of force

തായ്‌പേയ്: സൈനികാഭ്യാസത്തിന്റെ ഭാഗമായി ദക്ഷിണ തയ്‌വാന്റെ ആകാശപ്രതിരോധ അതിര്‍ത്തി ലംഘിച്ച് ചൈനയുടെ പടക്കപ്പല്‍ വ്യൂഹം.

ചൈനയുടെ യുദ്ധവിമാനവാഹിനികള്‍ അടക്കമുള്ള അഞ്ചു പടക്കപ്പലുകളുടെ നീക്കം തയ്‌വാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

തയ്‌വാന്‍-ചൈന ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ തയ്‌വാന്റെ ആകാശപ്രതിരോധ അതിര്‍ത്തി ലംഘിച്ച് ചൈനയുടെ പടക്കപ്പല്‍ വ്യൂഹം തയ്‌വാനും ഫിലിപ്പീന്‍സിനുമിടയില്‍ ബാഷി ചാനലില്‍ പ്രവേശിച്ചത്.

കപ്പലുകള്‍ ഇന്നലെ രാവിലെയോടെ സൗത്ത് ചൈന കടലിലെ ദോങ്ഷാ ദ്വീപിലേക്കാണു നീങ്ങിയത്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷം ചൈനയുടെ യുദ്ധവിമാനവാഹിനികള്‍ അടക്കം എട്ടു പടക്കപ്പലുകള്‍ കിഴക്കന്‍ ചൈന കടലില്‍ മധ്യഭാഗത്തു കണ്ടതായി ജപ്പാന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

പടക്കപ്പലുകള്‍ പസിഫിക് മേഖലയില്‍ സൈനികാഭ്യാസത്തിനു പോയതാണെന്നാണു ചൈനയുടെ വിശദീകരണം.

കീഴ്‌വഴക്കം ലംഘിച്ച് തയ്‌വാന്‍ പ്രസിഡന്റും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ കഴിഞ്ഞമാസം നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെത്തുടര്‍ന്നു ചൈനതയ്‌വാന്‍ ബന്ധം വഷളായിരുന്നു.

ഈമാസം 10നും ചൈനീസ് യുദ്ധവിമാനം തയ്‌വാനു സമീപം പറന്നു. സ്വയംഭരണ ദ്വീപ് പ്രദേശമായ തയ്‌വാനെ ചൈന തങ്ങളുടെ ഭൂപ്രദേശമായിട്ടാണു കാണുന്നത്.

സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ സൈനികാക്രമണം നടത്തുമെന്നാണു ചൈനയുടെ നിലപാട്.

Top