ചൈനയിലെ ‘ആ വൈറസ്’ കടല്‍കടന്ന് ജപ്പാനില്‍; മാരകരോഗം ലോകത്തില്‍ പടരുന്നു

ചൈനയില്‍ കണ്ടെത്തിയ പുതിയ കൊറോണാവൈറസ് ആദ്യമായി ജപ്പാനിലും സ്ഥിരീകരിച്ചു. രോഗത്തെ നേരിടാന്‍ ഒരുങ്ങണമെന്ന് ലോകത്തിലെ എല്ലാ ആശുപത്രികള്‍ക്കും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വൈറസ് കടല്‍കടന്ന് ജപ്പാനിലെത്തിയത്. ടോക്യോയില്‍ 30കളില്‍ പ്രായമുള്ള ഒരു പുരുഷനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അടുത്തിടെ ചൈനീസ് നഗരമായ വുഹാനില്‍ പോയി മടങ്ങിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. വുഹാനില്‍ ന്യൂമോണിയ പടര്‍ന്നുപിടിച്ചത് പുതിയ കൊറോണാവൈറസ് ബാധ മൂലമാണെന്നാണ് കരുതുന്നത്. ലോകത്തില്‍ ഈ വൈറസ് പടര്‍ന്നപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍പൊരിക്കലും കണ്ടെത്തിയിട്ടില്ലാത വൈറസ് സ്ഥിരീകരിച്ചത് ശാസ്ത്രലോകത്തിന് ആശങ്കയാകുന്നുണ്ട്. കൊറോണാവൈറസാണെന്ന് മാത്രമാണ് പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്.

ഡിസംബര്‍ മുതല്‍ ചൈനീസ് നഗരമായ വുഹാനില്‍ ഇതുമായി ബന്ധപ്പെട്ട 41 കേസുകളാണ് സ്ഥിരീകരിച്ചത്. വൈറസ് മൂലമുള്ള ന്യൂമോണിയ ബാധിച്ച് ഒരു രോഗി മരണപ്പെട്ടു. രാജ്യത്തിന് പുറത്ത് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത് തായ്‌ലാന്‍ഡിലാണ്. ഇതോടെയാണ് വൈറസ് അതിര്‍ത്തി വിട്ട് പടരുന്നതായി ആശങ്ക ഉയര്‍ന്നത്. മൃഗങ്ങള്‍ വഴിയാണ് വൈറസ് പടരുന്നതെന്നാണ് ഡബ്യുഎച്ച്ഒ കരുതുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഈയാഴ്ച ഡബ്യുഎച്ച്ഒ എമേര്‍ജിംഗ് ഡിസീസ് യൂണിറ്റ് മേധാവി ഡോ മരിയാ വാന്‍ കെര്‍ഖോവ് ലോകമെമ്പാടുമുള്ള ആശുപത്രികള്‍ വൈറസ് ബാധയെ നേരിടാനുള്ള ഒരുക്കങ്ങള്‍ വിവരിച്ച് നല്‍കിയിരുന്നു. പനിയുമായി എത്തുന്നവരെ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

Top