chinese tyres us anti dumping tax donald trump

donald trump

വാഷിംങ്ടണ്‍ : അമേരിക്കയില്‍ ട്രംപ് പ്രസിഡന്റ് ആയി വന്നുയുടനെ ചൈനയുടെ കഴുത്തിന് ആദ്യപിടി വീണു. ചൈനയില്‍നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കു നിയന്ത്രണം കൊണ്ടുവരാന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തി തുടങ്ങി. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ടയര്‍ കയറ്റുമതി ചെയ്യുന്ന ചൈനയ്ക്ക് അമേരിക്ക ആദ്യം ടയറില്‍ തന്നെയാണു തടയിടാന്‍ ശ്രമിക്കുന്നത്.

ചൈനയില്‍നിന്നുള്ള ടയറിനു തടയിടാന്‍ അധിക നികുതി ചുമത്തുന്നതിനു യുഎസിന്റെ ഇറക്കുമതി നിയന്ത്രണ കമ്മീഷനായ യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (യുഎസ്‌ഐറ്റിസി) തീരുമാനിച്ചു. ഇതോടെ ലോകത്ത് ഏറ്റവും വിലകുറഞ്ഞ് ടയര്‍ കയറ്റുമതി നടത്തി മുന്‍നിരയില്‍ നില്‍ക്കുന്ന ചൈനയ്ക്ക് അമേരിക്കയില്‍നിന്നുള്ള വന്‍തിരിച്ചടിയാണു വരുന്നത്.

ചൈനയില്‍നിന്നുള്ള ടയറിന് അമേരിക്ക നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന 19% കൗണ്ടര്‍ വെയിലിങ് നികുതിയ്ക്കു പുറമേയാണ് ആന്റി ഡംപിങ് നികുതിയായി 24% കൂടി അധികം ചുമത്തുന്നത്. ഇതോടെ അമേരിക്കയില്‍ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന ടയറുകള്‍ക്കൊപ്പമോ അതിലധികമോ വിലയാകും ചൈനയുടെ ടയറുകള്‍ക്ക്.

ടയര്‍ മേഖലയിലെ ചൈനയുടെ കടന്നുകയറ്റം മൂലം അമേരിക്കന്‍ കമ്പനികള്‍ യുഎസ് സര്‍ക്കാരിനോട് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ അധിക നികുതിചുമത്തി ഇറക്കുമതി തടയണമെന്നാവശ്യപ്പെട്ടിരുന്നു. ഭരണമാറ്റം വന്നുടനെ ഇക്കാര്യത്തില്‍ തീരുമാനമാകുകയായിരുന്നു.

ചൈന ടയര്‍ കമ്പനികളുടെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യന്‍ കമ്പനികളും കേന്ദ്ര സര്‍ക്കാരിനെ നേരത്തെ തന്നെ സമീപിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും നടപടികളായിട്ടില്ല. നിലവില്‍ പേരിനു മാത്രം ചുങ്കം നല്‍കിയാണു ചൈന കമ്പനികള്‍ ഇന്ത്യയില്‍ ടയറെത്തിക്കുന്നത്. യുഎസിലേക്കുള്ള ചൈനയുടെ കയറ്റുമതി തടസപ്പെടുന്നതോടെ ആ ടയറുകള്‍ കൂടി ഇന്ത്യന്‍ വിപണിയിലേക്കു കയറ്റുമതിചെയ്യാന്‍ ചൈന മുതിരുമോയെന്നതാണ് ഇന്ത്യന്‍ കമ്പനികളുടെ ആശങ്ക.

ഒരു രാജ്യത്തെ വിപണി പിടിച്ചെടുക്കാന്‍ സബ്‌സിഡി നല്‍കി ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു കയറ്റുമതിചെയ്യുന്നുവെന്നു ബോധ്യപ്പെടുമ്പോഴാണ് ഇറക്കുമതി ചെയ്യുന്ന രാജ്യം ആ ഉല്‍പന്നത്തിനു കൗണ്ടര്‍ വെയിലിങ് ചുങ്കം ചുമത്തുന്നത്. ഒരു രാജ്യത്തെ ഉല്‍പന്നങ്ങളുടെ നിലനില്‍പിനെ ബാധിക്കും വിധം ആ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു വിലകുറച്ചു വിപണിയില്‍ വില്‍ക്കുന്നതു തടയാന്‍ രാജ്യം ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കു ചുമത്തുന്ന നികുതിയാണ് ആന്റി ഡംപിങ് നികുതി.

തദ്ദേശ കമ്പനികള്‍ വില്‍ക്കുന്ന വിലയ്ക്കു മാത്രമേ ഇറക്കുമതിചെയ്യുന്ന സാധനങ്ങള്‍ക്കും വില്‍ക്കാന്‍ കഴിയു. ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്കാണു രാജ്യങ്ങള്‍ ആന്റി ഡംപിങ് നികുതി ചുമത്തുന്നത്. ടയര്‍ വിപണിയില്‍ ചൈനയുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക.

Top