ഗല്‍വാനില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറി; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ലഡാക്ക്: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ നിന്ന് ചൈനീസ് സൈന്യം പൂര്‍ണമായും പിന്‍മാറിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് . മേഖലയില്‍ രണ്ട് കിലോമീറ്ററാണ് ചൈന പിന്‍വാങ്ങിയത് . ഈ മാസം പകുതിയോടെ പാന്‍ഗോങ് ടിസൊ ഒഴികെ എല്ലാ മേഖലകളില്‍ നിന്നും ചൈനയുടെ പിന്മാറ്റം ഉണ്ടാകുമെന്നാണ് ഇന്ത്യ കണക്ക് കൂട്ടുന്നത്.

ഗല്‍വാന്‍ താഴ്‌വര, ഹോട്ട് സ്പ്രിങ്, ഗോര്‍ഗ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ചൈന പിന്മാറിയത്. പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈന ഉണ്ടാക്കിയ ടെന്റുകള്‍ പൂര്‍ണമായും പൊളിച്ചു മാറ്റിയ തരത്തിലാണ്. മേഖലയില്‍ നിന്ന് ഇന്ത്യയും മാറി നില്‍ക്കും. ബഫര്‍ സോണുകളില്‍ പട്രോളിംഗ് നടത്തുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. പാന്‍ഗോഗ് ടിസൊയില്‍ നിന്ന് ചൈന വേഗത്തില്‍ ഒഴിഞ്ഞു മാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ സൈനിക വിന്യാസം നടത്തിയ മേഖലയും ഇതാണ്. സൈനിക തലത്തില്‍ നടക്കുന്ന അടുത്ത ചര്‍ച്ചയോടെ ഈ മേഖല ഒഴികെ മറ്റെല്ലായിടത്തും നിന്നും ചൈന പിന്മാറുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മുപ്പതാം തിയതി നടന്ന ചര്‍ച്ചയില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ചൈന കിഴക്കന്‍ ലഡാക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നത്.

അതേസമയം, ചൈന പിന്മാറുന്നുണ്ടെങ്കിലും ഇന്ത്യ അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം നാവിക സേനയുടെ യുദ്ധ വിമാനം മേഖലയില്‍ അഭ്യാസ പ്രകടനം നടത്തിയിരുന്നു.

Top