അരുണാചൽ അതിർത്തിയിൽ തിരിച്ചടിച്ച് . . ഇന്ത്യ, ആയുധങ്ങൾ ഇട്ട് ഓടി ചൈനീസ് സേന

china india

അരുണാചല്‍: അരുണാചലിലെ ഇന്ത്യന്‍ അതിര്‍ത്തിയായ സിയാങ് മേഖലയില്‍ ചൈനയുടെ നുഴഞ്ഞു കയറ്റം ബലമായി തടഞ്ഞ് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ അതിര്‍ത്തിയും കടന്ന് 200 മീറ്റര്‍ ദൂരം വരെ റോഡ് നിര്‍മ്മാണ യന്ത്രങ്ങളുമായാണ് ചൈനീസ് സേന നുഴഞ്ഞു കയറിയിരുന്നത്.

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ചൈനീസ് സേന ഓടിക്കളയുകയായിരുന്നു.

അപ്പര്‍ സിയാങ് മേഖലയിലെത്തിയപ്പോഴാണ് നുഴഞ്ഞു കയറ്റം ഇന്ത്യന്‍ സൈനികരുടെ കണ്ണില്‍പ്പെട്ടത്. തുടര്‍ന്ന് സൈന്യം നുഴഞ്ഞു കയറ്റക്കാരെ തടയുകയായിരുന്നു. അതിര്‍ത്തിയിലെ പ്രാദേശിക ജനങ്ങളാണ് നുഴഞ്ഞു കയറ്റ വിവരം സൈന്യത്തെ അറിയിച്ചിരുന്നത്. തുടര്‍ന്നാണ് സൈന്യത്തിന്റെ മിന്നല്‍ നടപടി ഉണ്ടായത്.

നേരത്തെ, ഇന്ത്യാ-ഭൂട്ടാന്‍-ചൈന ട്രൈ ജംഗ്ഷന്‍ അതിര്‍ത്തിയായ ദോക്‌ലാമില്‍ ചൈന നുഴഞ്ഞ് കയറി അട്ടിമറിക്ക് ശ്രമിച്ചിരുന്നു. അന്നും ഇന്ത്യന്‍ സേനയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ചൈനയുടെ പദ്ധതി നടക്കാതെപോയത്.

ഇതിനുശേഷമാണ് ചൈനയുടെ ഇപ്പോഴത്തെ നുഴഞ്ഞു കയറ്റം. തണുപ്പുകാലമായതിനാല്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പേര്‍ കാണില്ല എന്ന നിഗമനത്തില്‍ തന്നെയാണ് ചൈനീസ് സേന നുഴഞ്ഞു കയറ്റത്തിനും, റോഡു നിര്‍മ്മാണത്തിനുമായി ഇന്ത്യന്‍ അതിര്‍ത്തി പിന്നിട്ടത്.

ഇന്ത്യന്‍ സൈന്യത്തിന്റെ രൂക്ഷമായ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് ചൈന യന്ത്ര സാമഗ്രികള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത കാലത്തായി ചൈനയുടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. നേരത്തെ, സിയാങ് നദിയുടെ കിഴക്കന്‍ തീരമായ ബെയ്‌സിങ്ങിനു സമീപവും ഇന്ത്യന്‍ സേന ഇവരെ തടഞ്ഞിരുന്നു.

സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സൈനീക അധികൃതര്‍ തയാറായില്ല. അരുണാചലില്‍ പാലങ്ങളും റോഡുകളും അനധികൃതമായി നിര്‍മ്മിക്കുന്നതില്‍ സൈന്യത്തിന് ചില ആശങ്കകളുണ്ട്. ഇന്ത്യയുടെയും അരുണാചലിന്റെയും അതിര്‍ത്തുകളുടെ ഇരുഭാഗത്തും റോഡുകള്‍ ഉണ്ട്.

ചൈനയും ഇന്ത്യയും സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് 73ദിവസങ്ങളായി നീണ്ടു നിന്ന ദോഖ്‌ലാ പ്രശ്‌നത്തിന് സമാധാനമായത്. രാജ്യങ്ങള്‍ തമ്മില്‍ ധാരണയായതിനെ തുടര്‍ന്ന് ആഗസ്ത് 28നാണ് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചിരുന്നത്.

ഇപ്പോഴത്തെ സംഭവവികാസം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. നുഴഞ്ഞു കയറാന്‍ ആര് ശ്രമിച്ചാലും ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

Top