യു എസില്‍ വോള്‍വോയുടെ ആദ്യ കാര്‍ നിര്‍മാണശാല പ്രവര്‍ത്തനം ആരംഭിച്ചു

ചൈനീസ് നിര്‍മാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബ്രാന്‍ഡായ വോള്‍വോയുടെ യു എസിലെ ആദ്യ കാര്‍ നിര്‍മാണശാല യു എസില്‍ പ്രവര്‍ത്തനം തുടങ്ങി. ദക്ഷിണ കരോലിനയിലെ ചാള്‍സ്ടണിലാണ് ആഡംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോയുടെ പ്ലാന്റ് തുറന്നത്. ഇതോടെ ആഗോളതലത്തില്‍ മൂന്നു പ്രധാന മേഖലകളിലും നിര്‍മാണശാലയുള്ള കമ്പനിയായി വോള്‍വോ.

യൂറോപ്പില്‍ വോള്‍വോയ്ക്കുള്ള രണ്ടു നിര്‍മാണശാലകള്‍ക്കും എന്‍ജിന്‍ശാലയ്ക്കും പൂരകമായിട്ടാവും യു എസ് ശാലയുടെ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനു പുറമെ ചൈനയില്‍ മൂന്ന് കാര്‍ നിര്‍മാണശാലകളും എന്‍ജിന്‍ ശാലയും വോള്‍വോയ്ക്കുണ്ട്. കൂടാതെ ഇന്ത്യയിലും മലേഷ്യയിലും കാര്‍ അസംബ്ലിങ് സൗകര്യവും വോള്‍വോ സജ്ജീകരിച്ചിട്ടുണ്ട്.

സ്‌കേലബ്ള്‍ പ്രോഡക്ട് ആര്‍ക്കിടെക്ചര്‍(എസ് പി എ) പ്ലാറ്റ്‌ഫോം അടിത്തറയാവുന്ന ഇടത്തരം പ്രീമിയം സ്‌പോര്‍ട്‌സ് സെഡാനായ ‘എസ് 60’ ആണു ചാള്‍സ്ടണ്‍ ശാലയില്‍ നിന്ന് വോള്‍വോ ആദ്യം നിരത്തിലെത്തിക്കുക. ഇക്കൊല്ലം അവസാനിക്കും മുമ്പ് യു എസ് നിര്‍മിത കാര്‍ പുറത്തിറങ്ങുമെന്നാണു പ്രതീക്ഷ. 2021 ആകുന്നതോടെ വലിപ്പമേറിയ പ്രീമിയം എസ് യു വിയായ ‘എക്‌സ് സി 90’യുടെ അടുത്ത തലമുറ ചാള്‍സ്ടണില്‍ നിര്‍മിക്കാനാണു വോള്‍വോയുടെ പദ്ധതി. ആഭ്യന്തര വില്‍പ്പനയ്‌ക്കൊപ്പം കയറ്റുമതി കൂടി ലക്ഷ്യമിട്ടാണു വോള്‍വോ യു എസില്‍ കാര്‍ നിര്‍മാണശാല സ്ഥാപിച്ചിരിക്കുന്നത്.

പുതിയ ശാല സജ്ജമായതോടെ യു എസ് കമ്പനിയുടെ മൂന്നാമത്തെ ആഭ്യന്തര വിപണിയായെന്ന് വോള്‍വോ കാഴ്‌സ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഹാകന്‍ സാമുവല്‍സണ്‍ അഭിപ്രായപ്പെട്ടു. ലാഭക്ഷമത വര്‍ധിപ്പിപ്പിക്കാന്‍ പ്രാപ്തിയുള്ള എസ് പി എ പ്ലാറ്റ്‌ഫോമിന്റെയും ‘എസ് 60’ സെഡാന്റെയും വരവ് ആഗോളതലത്തിലെന്നപോലെ യു എസിലും വോള്‍വോയ്ക്കു മികച്ച വളര്‍ച്ചാ സാധ്യത സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

volvo

ചാള്‍സ്ടണിലെ നിര്‍മാണശാലയ്ക്കായി 110 കോടി ഡോളര്‍(ഏകദേശം 7495 കോടി രൂപ) ആണ് വോള്‍വോ കാഴ്‌സ് നിക്ഷേപിക്കുക. ഇക്കൊല്ലം അവസാനത്തോടെ 1,500 തൊഴിലവസരങ്ങളാണു ശാല സൃഷ്ടിക്കുക. എതാനും വര്‍ഷത്തിനകം ശാലയിലെ ജീവനക്കാരുടെ എണ്ണം 4,000 ആയി ഉയരുമെന്നാണു വോള്‍വോയുടെ വാഗ്ദാനം. പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പ്രതിവര്‍ഷം 1.50 ലക്ഷം യൂണിറ്റാണു ചാള്‍സ്ടണ്‍ ശാലയുടെ ശേഷി. 1,600 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ശാലയില്‍ കെട്ടിടങ്ങളുടെ വിസ്തൃതി 23 ലക്ഷം ചരുരശ്ര അടിയോളമാണ്.

Top