ചൈനീസ് തായ്പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച്.എസ്.പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍

തായ്പേയ്: ഇന്ത്യയുടെ ടോപ് സീഡായ മലയാളിതാരം എച്ച്.എസ്.പ്രണോയ് ചൈനീസ് തായ്പേയ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്‍ഡൊനീഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെ കീഴടക്കിയാണ് പ്രണോയ് അവസാന എട്ടിലെത്തിയത്.

വെറും 36 മിനിറ്റിനുള്ളില്‍ മത്സരം അവസാനിച്ചു. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ വിജയം. സ്‌കോര്‍: 21-9, 21-17. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന പ്രണോയ് ഈയിടെ അവസാനിച്ച മലേഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ 300 കിരീടം സ്വന്തമാക്കിയിരുന്നു. അതോടൊപ്പം ഇന്‍ഡൊനീഷ്യ ഓപ്പണില്‍ സെമിയിലും ഇടം നേടി.

ക്വാര്‍ട്ടറില്‍ ഹോങ് കോങ്ങിന്റെ അഞ്ചാം സീഡ് താരം അന്‍ഗസ് എന്‍ജി കാ ലോങ്ങാണ് പ്രണോയിയുടെ എതിരാളി. എന്നാല്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പി.കശ്യപ് പരാജയപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലിസ്റ്റായ കശ്യപ് ചൈനീസ് തായ്പേയിയുടെ സു ലി യാങ്ങിനോടാണ് പരാജയപ്പെട്ടത് . സ്‌കോര്‍: 16-21, 17-21.

Top