എവറസ്റ്റ്‌ കൊടുമുടിയുടെ ഉയരം വീണ്ടും അളക്കാനൊരുങ്ങി ചൈന

ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കാനൊരുങ്ങി ചൈന. ഇതിനായി ചൈനീസ് സര്‍വ്വേ സംഘം ടിബറ്റിലെത്തി. എവറസ്റ്റിന്റെ യഥാര്‍ത്ഥ ഉയരം അളക്കുകയാണ് ലക്ഷ്യമെന്നാണ് ചൈന പറയുന്നത്.

ചൈനയുടെ കണക്കുകൂട്ടല്‍ പ്രകാരം 8844.43 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം. എന്നാല്‍ നേപ്പാളിന്റെ കണക്കനുസരിച്ച് എവറസ്റ്റിന് നാല് മീറ്റര്‍ കൂടി ഉയരക്കൂടുതലുണ്ട്. ഈ വ്യത്യാസം നിലനില്‍ക്കുന്നതിനാലാണ് മെയ് ഒന്നിന് എവറസ്റ്റിനെ ഒന്നു കൂടി അളന്നു നോക്കാന്‍ ചൈന തീരുമാനിച്ചത്.

1975-ലും 2005-ലും ചൈന എവറസ്റ്റിന്റെ ഉയരം അളന്നിരുന്നു. ഇത് യഥാക്രമം 8,848.13 മീറ്ററും 8,844.43 മീറ്ററുമാണ്.
ഇന്ത്യന്‍- യുറേഷ്യന്‍ പ്ലേറ്റുകളുടെ കൂടിച്ചേരുന്ന മേഖലയിലാണ് എവറസ്റ്റ് കൊടുമുടി നിലകൊള്ളുന്നത്. ഈ പ്രദേശത്ത് ഭൂവല്‍ക്കത്തിലെ ചലനങ്ങള്‍ സജീവമായി നടക്കുന്നുമുണ്ട്. ഇതിലൂടെ ഹിമാലയത്തിന്റെയും ടിബറ്റന്‍ പീഠഭൂമിയുടെയും ഉയര്‍ച്ചയിലെ മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ സഹായകമാകുമെന്നാണ് ചൈനീസ് സംഘം അഭിപ്രായപ്പെടുന്നത്.

Top