പതഞ്ജലിയും ഡാബറും വില്‍ക്കുന്ന തേനില്‍ മായം; ആരോപണവുമായി സിഎസ്ഇ

ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ ബ്രാന്റുകളായ പതഞ്ജലി, ഡാബർ, സന്ദു തുടങ്ങിയവ വില്‍ക്കുന്ന തേനില്‍ മായമുണ്ടെന്ന ആരോപണവുമായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ). കോവിഡ് കാലത്ത് തേന്‍ വില്‍പനയിൽ വർധനവ് ഉണ്ടായിട്ടും കര്‍ഷകര്‍ക്ക് ലാഭം കുറഞ്ഞെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സിഎസ്ഇ പരിശോധന നടത്തിയത്. സോഫ്റ്റ് ഡ്രിങ്കുകളില്‍ കണ്ടെത്തിയതിനേക്കാള്‍ വലിയ തട്ടിപ്പാണ് ഇപ്പോള്‍ തേനില്‍ നടക്കുന്നത്. ആരോഗ്യത്തിന് അപകടമാകുന്ന മായം ചേര്‍ക്കലാണ് നടക്കുന്നതെന്നും സിഎസ്ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരെയ്ന്‍ പറഞ്ഞു.

തേന്‍ വില്‍ക്കുന്ന ഒട്ടുമിക്ക ബ്രാന്‍ഡുകളും ഷുഗര്‍ സിറപ്പ് ഉപയോഗിച്ച് മായം ചേര്‍ത്തവയാണെന്നും സിഎസ്ഇ കണ്ടെത്തി. തേനിന് പകരം ആളുകൾ പഞ്ചസാര ഉപയോഗിക്കുകയാണെന്നും ഇത് ആരോഗ്യപരമായ പ്രശ്നങ്ങൾക്കു വഴിയൊരുക്കുമെന്നും പൊണ്ണത്തടി പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അവർ പറഞ്ഞു. നിലവിലുള്ള പരിശോധനാ രീതികളെ മറികടന്നാണ് തേനില്‍ മായം ചേര്‍ക്കുന്നത്. കരിമ്പ്, ചോളം, നെല്ല്, ബീറ്റ് റൂട്ട് തുടങ്ങിയവയില്‍ നിന്നുള്ള പഞ്ചസാരയാണ് തേനില്‍ ചേര്‍ക്കുന്നത്. സി3, സി4 പരിശോധനകളില്‍ ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയും. എന്നാല്‍ ചൈനീസ് പഞ്ചസാര ചേര്‍ത്താല്‍ ന്യൂക്ലിയര്‍ മാഗ്നറ്റിക് റിസനന്‍സ് പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയൂ. ഈയടുത്താണ് കയറ്റുമതി ചെയ്യുന്ന തേനുകള്‍ക്ക് ഈ പരിശോധന നിര്‍ബന്ധമാക്കിയത്.

സിഎസ്ഇ പരിശോധനക്കെടുത്തത് ചെറുതും വലുതുമായ 13 ബ്രാന്‍ഡുകളുടെ ഉല്‍പന്നമാണ്. അതേസമയം, സിഎസ്ഇയുടെ ആരോപണം നിഷേധിച്ച് കമ്പനികള്‍ രംഗത്തെത്തി. തേനില്‍ മായം ചേര്‍ക്കുന്നുവെന്ന ആരോപണം പതഞ്ജലിയും ഡാബറും സന്ദുവും നിഷേധിച്ചു. എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് തങ്ങൾ തേന്‍ വില്‍ക്കുന്നതെന്നും ഇവര്‍ അവകാശപ്പെട്ടു.

Top