അമേരിക്കയില്‍ വലിയ തുക ചെലവഴിക്കുന്നത് ചൈനീസ് വിദ്യാര്‍ഥികള്‍

വാഷിങ്ടണ്‍: പഠനത്തിനായി അമേരിക്കയില്‍ ചേക്കേറുന്നതില്‍ കൂടുതല്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍. 3,72,000 ചൈനീസ് വിദ്യാര്‍ഥികളാണ് 2019-20 അധ്യായന വര്‍ഷത്തില്‍ മാത്രം അമേരിക്കയില്‍ പഠനം നടത്തിയത്. തുടര്‍ച്ചയായി 16 വര്‍ഷവും ചൈനീസ് വിദ്യാര്‍ഥികള്‍ തന്നെയാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 1,93,124 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ നിലവിലുള്ളത്.

യു.എസ് ഡിപാര്‍ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് ബ്യൂറോ ഓഫ് എഡ്യൂകേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് പുറത്തിറക്കിയ ‘ഓപണ്‍ ഡോര്‍ 2020’ എന്ന പഠനത്തിലാണ് ഇക്കാര്യമുള്ളത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പത്തു ലക്ഷത്തില്‍പരം രാജ്യാന്തര വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠനങ്ങള്‍ക്കായി എത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 44 ബില്ല്യണ്‍ യു.എസ് ഡോളറാണ് വിദേശ വിദ്യാര്‍ഥികള്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്ത് ചെലവഴിച്ചത്.

ചൈനീസ് വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് വലിയ തുക ചെലവഴിക്കുന്നതും. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 4.4 ശതമാനം കുറവുണ്ടെങ്കിലും 7.6 ബില്യണ്‍ യു.എസ് ഡോളറാണ് (ഏകദേശം 5665 കോടി രൂപ) അമേരിക്കന്‍ സാമ്പത്തിക രംഗത്ത് ചെലവഴിച്ചത്.

Top