ചാങ് ഇ 5 പാറകള്‍ക്ക് 200 കോടി വര്‍ഷങ്ങളുടെ പഴക്കമെന്ന് ചൈനീസ് ഗവേഷകര്‍

ചാങ് ഇ 5 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ നിന്നും കൊണ്ടുവന്ന പാറകള്‍ക്ക് 200 കോടി വര്‍ഷങ്ങളുടെ പഴക്കമെന്ന് ചൈനീസ് ഗവേഷകര്‍. നേരത്തെ ചന്ദ്രനില്‍ നിന്നും ഭൂമിയിലെത്തിച്ച പാറകളേക്കാള്‍ 100 കോടി വർഷം കുറവാണിത്. ചന്ദ്രനില്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം അഗ്നിപര്‍വ്വതങ്ങള്‍ സജീവമായിരുന്നുവെന്നതിന്റെ തെളിവാണിതെന്ന് ചൈനീസ് അക്കാദമി ഓഫ് ജിയോളജിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

2020 നവംബര്‍ 23നാണ് ചൈനയുടെ ചാങ് ഇ 5 ഹെയ്‌നാന്‍ ദ്വീപില്‍ നിന്നും വിക്ഷേപിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഡിസംബര്‍ ഒന്നിന് ഇറങ്ങിയ ചൈനീസ് പേടകം ഏതാണ്ട് 1731 ഗ്രാം വസ്തുക്കള്‍ ചന്ദ്രനില്‍ നിന്നും ശേഖരിച്ചു. ഡിസംബര്‍ 16ന് ഭൂമിയിലേക്ക് തിരിക്കുകയും ചെയ്തു.ഏതാണ്ട് 200 കോടി വര്‍ഷങ്ങളുടെ പഴക്കമാണ് ചന്ദ്രനില്‍ നിന്നുള്ള വസ്തുക്കള്‍ക്ക് കണക്കാക്കുന്നത്. പരമാവധി 5 കോടി വര്‍ഷങ്ങളുടെ ഏറ്റക്കുറച്ചില്‍ ഇതിനുണ്ടായേക്കാം. ഗ്രഹങ്ങളുടെ പ്രായവും കാലഗണനയും വച്ചു നോക്കുമ്പോള്‍ കൃത്യതയുള്ള കണക്കുകൂട്ടലാണ്.

ഈ മേഖലയില്‍ ലോകത്തെ തന്നെ ഏറ്റവും ആധുനികമായ ലബോറട്ടറികളിലൊന്നായ ബെയ്ജിങ്ങിലെ ലാബിലാണ് ഈ പഠനങ്ങള്‍ നടത്തിയതും പഴക്കം നിശ്ചയിച്ചതും എന്ന് വാഷിങ്ടണ്‍ സര്‍വ്വകലാശാലയിലെ മക്‌ഡോണല്‍ സെന്റര്‍ ഫോര്‍ ദ സ്‌പേസ് സയന്‍സസ് ഡയറക്ടര്‍ ബ്രാട് ജോളിഫ് പറഞ്ഞു. ചന്ദ്രന് ഏതാണ്ട് 450 കോടി വര്‍ഷമാണ് പഴക്കം കണക്കാക്കുന്നത്.

ഇത് ഏതാണ്ട് ഭൂമിയുടേതിന് തുല്യമായ പ്രായമാണ്. ഭൂമിയിലേതുപോലെ പര്‍വ്വതങ്ങള്‍ സൃഷ്ടിക്കപ്പെടുകയോ ഗര്‍ത്തങ്ങള്‍ ഇല്ലാതാവുകയോ ചെയ്യുന്ന പ്രതിഭാസങ്ങള്‍ ചന്ദ്രനിലില്ല. കോടിക്കണക്കിന് വര്‍ഷങ്ങളായി കാര്യമായ മാറ്റങ്ങളില്ലാത്ത ഈ ഗര്‍ത്തങ്ങളെ ഉപയോഗിച്ചാണ് ഉപരിതലത്തിലെ വിവിധ മേഖലകള്‍ രൂപപ്പെട്ടതിന്റെ പഴക്കം കണക്കാക്കുന്നത്.

1969നും 1972നും ഇടക്ക് നാസയുടെ ആറ് അപ്പോളോ ദൗത്യങ്ങളില്‍ നിന്നായി ചന്ദ്രനില്‍ നിന്നുള്ള 382 കിലോഗ്രാം വസ്തുക്കള്‍ ഭൂമിയിലെത്തിച്ചിട്ടുണ്ട്. പാറകളും മണ്ണും ചെറുകല്ലുകളും പൊടിയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അപ്പോളോ ദൗത്യങ്ങള്‍ ശേഖരിച്ച ചന്ദ്രനിലെ സാംപിളുകള്‍ക്ക് 300 കോടി വര്‍ഷത്തെ പഴക്കമാണ് കണക്കാക്കിയിരുന്നത്.

ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ഭൂമിയിലെത്തിക്കുന്ന 1970കള്‍ക്ക് ശേഷമുള്ള ആദ്യത്തെ ദൗത്യമായ ചാങ് ഇ 5 ചന്ദ്രന്റെ ഓഷ്യാനസ് പ്രോസിലാറിയം എന്ന പ്രദേശത്താണ് ഇറങ്ങിയത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജീവമായിരുന്ന അഗ്നിപര്‍വ്വതങ്ങളില്‍ നിന്നുള്ള ലാവകള്‍ ഉറഞ്ഞ് കിടക്കുന്ന പ്രദേശമാണിത്. സയന്‍സ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

Top