പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ പിറവി എങ്ങനെ എന്ന രഹസ്യം കണ്ടെത്തി ചൈനീസ് ഗവേഷകർ

ഗാലക്‌സികളിൽ നിന്നും പുറത്തു വരുന്ന വാതകങ്ങളെ തിരികെ വലിച്ചെടുത്ത് പുതിയ നക്ഷത്രങ്ങളെ സൃഷ്ടിക്കുന്നുവെന്ന് ചൈനീസ് ഗവേഷകർ കണ്ടെത്തി. ഭൂമിയിലേയും ബഹിരാകാശത്തേയും ഏറ്റവും ശക്തിയേറിയ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. ചൈനക്കു പുറമേ അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെ ഗവേഷകരും മാമോത്ത് –1 ( MAMMOTH -1) എന്നറിയപ്പെടുന്ന കൂറ്റന്‍ നെബുലയില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി. പുറത്തുപോവുന്ന വാതകങ്ങളെ താരാപഥങ്ങള്‍ ഒരു പടുകൂറ്റന്‍ സ്‌ട്രോയിലൂടെ വലിച്ചെടുക്കുന്നതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്.
സൂപ്പര്‍നോവ പൊട്ടിത്തെറിയിലൂടെയും സൗര കാറ്റുകളിലൂടെയുമൊക്കെ പുറംതള്ളപ്പെടുന്ന 800 സൂര്യന്റെ ഭാരം വരെയുള്ള വസ്തുക്കളെ ഓരോ വര്‍ഷവും ഗാലക്‌സികള്‍ തിരികെ വലിച്ചെടുക്കുന്നുവെന്നാണ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇത്തരത്തില്‍ വലിച്ചെടുക്കുന്ന വാതകങ്ങളെല്ലാം നക്ഷത്രങ്ങള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് പഠനത്തിനു നേതൃത്വം നല്‍കിയ ബെയ്ജിങ്ങിലെ സിന്‍ഹുവ സര്‍വകലാശാലയിലെ കയ് സെങ് പറയുന്നത്.

പുറന്തള്ളപ്പെടുന്ന വാതകങ്ങള്‍ വലിച്ചെടുക്കുന്നതു വഴി ഗാലസ്‌ക്‌സികള്‍ക്ക് ദീര്‍ഘകാലത്തേക്ക് നക്ഷത്രങ്ങളെ നിര്‍മിക്കാന്‍ വേണ്ട ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു. പുറത്തേക്ക് വരുന്നതിനേക്കാള്‍ വലിച്ചെടുക്കുന്ന വാതകങ്ങളെ തിരിച്ചറിയുക എന്നതായിരുന്നു ശാസ്ത്രജ്ഞര്‍ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. മാമത്ത് 1 ഗാലക്‌സിയില്‍ നിന്നും 1,100 കോടി വര്‍ഷങ്ങളെടുത്താണ് പ്രകാശം ഭൂമിയിലേക്കെത്തുന്നത്.

പശ്ചാത്തലത്തില്‍ പ്രകാശം മങ്ങുന്നത് കണക്കുകൂട്ടിയാണ് ഗാലക്‌സികളില്‍ നിന്നും പുറത്തേക്ക് വരുന്ന വാതകങ്ങളുടെ സാന്നിധ്യം ജ്യോതിശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുന്നത്. ഇത് നിശ്ചിത സ്ഥലത്തെ വാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് നല്‍കുക. അമേരിക്കയിലെ ഹവായിലേയും ബഹിരാകാശത്തേയും ദൂരദര്‍ശിനികള്‍ ഉപയോഗിച്ചാണ് മാമത്ത് 1 ഗാലക്‌സിയെ ജ്യോതിശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചത്. ഈ രണ്ടു ദൂരദര്‍ശിനികള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് താരാപഥങ്ങളില്‍ നിന്നും വാതകങ്ങള്‍ പുറത്തേക്ക് പോകുന്നതിന്റേയും തിരിച്ചെടുക്കുന്നതിന്റേയും 3ഡി ഭൂപടം തന്നെ തയാറാക്കാന്‍ സാധിച്ചു.

പ്രധാനമായും രണ്ടു കണ്ടെത്തലുകളാണ് ഗവേഷക സംഘം നടത്തിയത്. വാതകങ്ങളില്‍ പ്രധാനമായും ഹൈഡ്രജനാണ് ഉണ്ടാവുകയെന്ന ധാരണക്കു വിരുദ്ധമായി കാര്‍ബണും മറ്റു മെറ്റല്‍ എലമന്റ്‌സും കണ്ടെത്താനായി. മൂലകങ്ങളാല്‍ സമൃദ്ധമായ വാതകത്തിന് ഏതാണ്ട് 10,000 കെല്‍വിനേക്കാളും ഊഷ്മാവ് കൂടുതലായിരുന്നു. സാധാരണ 100 കെല്‍വിനും താഴെ ഊഷ്മാവിലാണ് നക്ഷത്രങ്ങളുടെ ജനനം സംഭവിക്കുന്നത്. വലിച്ചെടുക്കുന്ന വാതകങ്ങളെ തണുപ്പിക്കുന്ന എന്തെങ്കിലും പ്രതിഭാസങ്ങള്‍ വിദൂര ഗാലക്‌സികളില്‍ സംഭവിക്കുന്നുണ്ടോയെന്ന് ഗവേഷകര്‍ക്ക് വ്യക്തതയില്ല. സമാനമായ പ്രതിഭാസങ്ങള്‍ മറ്റു ഗാലക്‌സികളിലും നടക്കുന്നുണ്ടോ എന്നതു പഠിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ഗവേഷകര്‍.

Top