മുന്നറിയിപ്പ് നല്‍കിയ ഡോക്ടറെ കുറ്റവാളിയാക്കി, അവര്‍ക്ക് ചൈന കൊടുത്തത് ‘വെറും’ താക്കീത്!

ചൈനയില്‍ കൊറോണാവൈറസിന്റെ ശക്തി ക്ഷയിച്ച് തുടങ്ങുമ്പോള്‍ പതിവില്ലാതെ ഒരു വിവാദം പൊട്ടിപ്പുറപ്പെടുകയാണ്. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന വൈറസിനെ കുറിച്ച് ആദ്യമായി സംശയങ്ങള്‍ പ്രകടിപ്പിച്ച് മുന്നറിയിപ്പ് നല്‍കിയതിന് പോലീസ് അറസ്റ്റ് ചെയ്യുകയും, പിന്നീട് കൊറോണ ബാധിച്ച് തന്നെ മരണത്തിന് കീഴടങ്ങുകയും ചെയ്ത യുവ ഡോക്ടറുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

മരിച്ച് പോയ ഡോക്ടര്‍ക്കെതിരെ ആരോപണം ചുമത്തിയത് പിന്‍വലിക്കാന്‍ മാത്രമാണ് രാജ്യത്തെ ഏറ്റവും ഉന്നതമായ അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷണല്‍ സൂപ്പര്‍വൈസറി കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ലോകത്തിലെ ആരോഗ്യ വിദഗ്ധര്‍ ഹീറോ എന്ന് വിശേഷിപ്പിക്കുന്ന ഡോ. ലീ വെന്‍ലിയാംഗിന്റെ മരണത്തെക്കുറിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രദേശത്തെ ജനങ്ങള്‍ രോഷത്തിലാണ്.

തങ്ങളുടെ സമ്പ്രദായങ്ങള്‍ക്ക് വിരുദ്ധമായ ഹീറോ, ഉണര്‍ത്തിയ വ്യക്തി തുടങ്ങി ഡോക്ടര്‍ക്ക് ചാര്‍ത്തിക്കിട്ടിയ പേരുകളും അന്വേഷണം തള്ളി. വുഹാനില്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതായി സംശയം ഉന്നയിച്ച 34കാരനായ ഡോക്ടര്‍ ഫെബ്രുവരിയില്‍ മരിച്ചു. ലി എങ്ങിനെ വൈറസ് കണ്ടെത്തി, പോലീസ് സ്‌റ്റേഷനിലേക്ക് എങ്ങിനെ വിളിച്ചുവരുത്തി, രോഗം ബാധിച്ചപ്പോള്‍ എങ്ങിനെ പരിചരിച്ചു തുടങ്ങിയ വിഷയങ്ങളാണ് നാഷണല്‍ സൂപ്പര്‍വൈസറി കമ്മീഷന്‍ അന്വേഷിച്ചത്.

ലിയെ അറസ്റ്റ് ചെയ്ത് ശാസിച്ച പോലീസുകാരെ കണ്ടെത്താനാണ് വുഹാന്‍ അധികൃതര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. കൃത്യമായി നടപടിക്രമങ്ങള്‍ പാലിക്കാത്തതിന് ഉത്തരവാദിത്വം ഏല്‍പ്പിക്കണം. പോലീസ് നല്‍കിയ ശാസന പിന്‍വലിക്കുകയും വേണം, റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിലും ഭേദം ഒന്നും പറയാതിരിക്കുന്നതായിരുന്നുവെന്നാണ് ചൈനയിലെ വെയ്‌ബോയില്‍ ജനങ്ങള്‍ കുറിക്കുന്നത്. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ജനങ്ങളുടെ പോസ്റ്റുകള്‍ അധിക സമയം വെയ്‌ബോയില്‍ തുടരില്ല.

Top