ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പിടിവീഴും ; ഗുണനിലവാര പരിശോധന കര്‍ശനമാക്കുന്നു

ന്യൂഡല്‍ഹി: ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

ചൈനീസ് ഇറക്കുമതി ഉല്‍പന്നങ്ങളെ ലക്ഷ്യമിട്ടുകൂടിയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.

ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് പുറമെ ആഭ്യന്തര നിര്‍മ്മാതാക്കളുടെ ഉല്പന്നങ്ങളുടെയും ഗുണനിലവാര പരിശോധ കര്‍ശനമാക്കും.

ഇതു സംബന്ധിച്ച പുതിയ ചട്ടം ഉടന്‍ പുറത്തിറങ്ങുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ വിവിധ ഉല്‍പന്നങ്ങള്‍ക്കായി ഗുണനിലവാരം തെളിയിക്കാന്‍ 23000 ത്തോളം തരത്തിലുള്ള പരിശോധനകള്‍ ബൂറോ ഓഫ് സ്റ്റാന്റേര്‍ഡിന്റെ ചട്ടത്തിലുണ്ട്.

പക്ഷേ ഇവയില്‍ മിക്കതും പ്രയോഗിക്കപ്പെട്ടിട്ടില്ലെന്ന് ഇന്റസ്ട്രിയല്‍ പോളിസി പ്രമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ ഗുണ നിലവാര പരിശോധ കര്‍ശനമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുവരികയാണെന്നും വകുപ്പ് മേധാവി രമേശ് അഭിഷേക് പറഞ്ഞു.

കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കെമിക്കല്‍സ്, നിര്‍മ്മാണ മേഖലയിലെ ഉല്‍പന്നങ്ങള്‍ തുടങ്ങി ചൈന ആധിപത്യം പുലര്‍ത്തുന്ന ഉല്‍പന്നങ്ങളെയാണ് സര്‍ക്കാര്‍ നീക്കം ഏറ്റവും അധികം ബാധിക്കുക.

ക്രിസ്തുമസ്, പുതുവര്‍ഷപ്പിറവി തുടങ്ങി വിവിധ ആഘോഷങ്ങളില്‍ കൂടുതല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്താനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി.

Top