ചൈനാക്കാര്‍ക്ക് പണി കൊടുത്ത് അമേരിക്ക; വ്യാപാരമേഖലയില്‍ മാറ്റങ്ങളുണ്ടാകും

അമേരിക്ക:ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 25 ശതമാനം അധികനികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. മുപ്പത്തിനാല് ദശലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ള എണ്ണൂറ് ഉത്പ്പന്നങ്ങള്‍ക്കാണ് അധികനികുതി ചുമത്തുന്നത്. ജൂലൈ ആറ് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. അമേരിക്ക ചൈന വ്യാപാരമേഖലയില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നതാണ് തീരുമാനം. നിലവിലുള്ള എണ്ണൂറ് ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ 16 ദശലക്ഷം ഉല്‍പന്നങ്ങളുടെ താരിഫ് സംബന്ധിച്ച ആലോചനകള്‍ പുരോഗമിക്കുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം വരെ നികുതി ചുമത്താനാണ് ആലോചന. കൂടുതല്‍ ഉത്പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ട്രംപും സര്‍ക്കാരും മുതിര്‍ന്നേക്കുമെന്നാണ് സൂചനകള്‍. കാറുകള്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും സമുദ്രോല്‍പ്പന്നങ്ങള്‍ക്കും നികുതി കൂടും.അമേരിക്കന്‍ ഭൗതിക സാഹചര്യം ഉപയോഗിച്ച് വിപണിയില്‍ നിന്ന് ചൈന വന്‍ ലാഭം കൊയ്യുന്നുവെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. അമേരിക്കയുടെ പുതിയ നീക്കം ചൈനയോടുള്ള വെല്ലുവിളിയായാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണത്തില്‍ കണ്ടെത്തിയത്.

എന്നാല്‍ ട്രംപിന്റെ പുതിയ നീക്കത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും, നികുതി വര്‍ദ്ധന പ്രാബല്യത്തിലായാല്‍ അത് ചൈനയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തലെന്നും വ്യക്തമാക്കി.

Top