ജി20: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംങ് പങ്കെടുക്കില്ല, പ്രധാനമന്ത്രി ലീ ചിയാങ് എത്തും

ദില്ലി : ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംങ് പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് ചൈന. പകരം ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ് പങ്കെടുക്കും. ഔദ്യോഗിക മാധ്യമമായ ഗ്ളോബൽ ടൈംസാണ് ഇക്കാര്യം അറിയിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമാണ് ഉച്ചകോടിയിൽ നിന്ന് വിട്ടു നിൽക്കുന്നത്.

ജി 20 പ്രഖ്യാപനത്തിൽ നിന്ന് തർക്ക വിഷയങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശവുമായിട്ടാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. യുക്രെയിനെക്കുറിച്ച് നേരിട്ട് പരാമർശം വേണ്ടെന്ന് നിർദ്ദേശം. അതേസമയം, യുക്രെയിൻ സംഘർഷത്തിൽ ശക്തമായ നിലപാട് വേണമെന്നാണ് ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ആഫ്രിക്കൻ യൂണിയനെ ജി20യിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിർദ്ദേശത്തിലും എതിർപ്പുണ്ട്.

ജി 20 ഉച്ചകോടിക്കായി വിവിധ രാഷ്ട്രനേതാക്കൾ വ്യാഴാഴ്ച മുതൽ ദില്ലിയിൽ എത്താനിരിക്കെ സംയുക്ത പ്രസ്താവനയിൽ സമവായത്തിനുള്ള നീക്കങ്ങൾ ഇനിയും വിജയിച്ചിട്ടില്ല. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ തുടങ്ങിയ ഭിന്നത അതേപടി തുടരുകയാണ്.

ഇന്ത്യ ചൈന അതിർത്തി തർക്കം വീണ്ടും മുറുകുന്നതിനിടെയാണ് ഷി ജിൻപിങ് ജി20 ഉച്ചകോടിക്കെത്തുന്നതിൽ അനിശ്ചിതത്വം ഉണ്ടായത്. ഉച്ചകോടിക്ക് പ്രധാനമന്ത്രി ലി ചിയാങിനെ നിയോഗിക്കാൻ ഷി ജിൻപിങ് ആലോചിക്കുന്നു എന്ന സൂചന ആദ്യം മുതൽ പുറത്തുവന്നിരുന്നു. ഉച്ചകോടി കഴിയും വരെ അതിർത്തി വിഷയത്തിൽ സംയമനം പാലിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങിനെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. ഷി ജിൻപിങ് വരും എന്ന് ചൈനീസ് ഉദ്യോഗസ്ഥർ ഇന്ത്യയെ അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൽ ഷീ ജിൻ പങ്കെടുക്കില്ല എന്ന് സ്ഥിരീകരണം പുറത്തുവന്നിരിക്കുകയാണ്.

Top