ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരണം

ദില്ലി : ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സപ്തംബർ എട്ടിന് ദില്ലിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹ്രസ്വ ചർച്ച നടത്തുമെന്നാണ് ചൈനീസ് വൃത്തങ്ങളുടെ വിശദീകരണം. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ദില്ലിയിലെത്തുമെന്ന് അറിയിച്ചു. യുഎഇ പ്രസിഡന്റും അതിഥിയായി ഉച്ചകോടിയിൽ പങ്കെടുക്കും.

അതേസമയം, ദില്ലിയിൽ അടുത്ത മാസം നടക്കുന്ന ജി 20 ഉച്ചകോടിക്ക് എത്താനാവില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നരേന്ദ്ര മോദിയെ നേരിട്ടറിയിച്ചു. പ്രധാനമന്ത്രിയെ ടെലിഫോണിൽ വിളിച്ചാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ തീരുമാനം മനസ്സിലാക്കുന്നുവെന്ന് മറുപടി നൽകിയ നരേന്ദ്ര മോദി, ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയ്ക്ക് റഷ്യ നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. റഷ്യ യുക്രയിൻ സംഘർഷവും ഇരുവരും തമ്മിലെ ഫോൺ സംഭാഷണത്തിൽ ചർച്ചാവിഷയമായി. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിന് റഷ്യൻ പ്രസിഡന്റ് മോദിയെ അഭിനന്ദനം അറിയിച്ചു.

Top