കിട്ടേണ്ടത് കിട്ടിയപ്പോള്‍ ചൈന ‘പഠിച്ചു’ പാക്ക് പ്രധാനമന്ത്രിയെ മൈന്റ് ചെയ്യാതെ ചൈന

ബെയ്ജിങ്: ചിലരങ്ങനെയാണ് കിട്ടേണ്ടത് സ്വന്തം ദേഹത്ത് കിട്ടുമ്പോഴേ പഠിക്കൂ..

ഇന്ത്യയില്‍ ഭീകരാക്രമണം സംഘടിപ്പിക്കുന്ന തീവ്രവാദികളെ സഹായിക്കുകയും അതിര്‍ത്തിയിലും ജമ്മു കാശ്മീര്‍ താഴ്വരയിലും അശാന്തി പടര്‍ത്തി തീവ്രവാദ ഗ്രൂപ്പുകളെ പോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനിൽ നിന്നും ചൈനക്ക് ഇപ്പോൾ കിട്ടിയത് കിടിലൻ ‘പണി’യാണ്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ രണ്ട് ചൈനീസ് അധ്യാപകര്‍ മൃഗീയമായി കൊല്ലപ്പെട്ട സംഭവം ചൈനയില്‍ വ്യാപക പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

കൊടും പാക്ക് ഭീകരന്‍ ഹാഫിസ് സയിദ് അടക്കമുള്ളവരെ ഇന്ത്യക്ക് വിട്ട് നല്‍കാതിരിക്കാന്‍ പാക്കിസ്ഥാനൊപ്പം കൂടി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ നീക്കം പരാജയപ്പെടുത്തുന്ന ചൈനക്ക് കിട്ടിയ ഈ ‘പണി’ തീവ്രവാദികള്‍ക്ക് അനുകൂലമായ ചൈനയുടെ നിലപാട് പുന:പരിശോധിക്കാന്‍ ഇടയാക്കുമോ എന്നാണ് ഇന്ത്യയടക്കം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

പൊലീസുകാരുടെ വേഷത്തിലെത്തിയ ആയുധധാരികള്‍ കഴിഞ്ഞ മെയ് 24ന് തട്ടിക്കൊണ്ടുപോയ ചൈനീസ് ഭാഷാധ്യാപകരെയാണ് കൊലപ്പെടുത്തിയത്.

ചൈനക്കാര്‍ക്ക് പാക്കിസ്ഥാനില്‍ ഒരു സുരക്ഷയുമില്ലെന്ന് തെളിയിക്കുന്ന ഈ സംഭവം ഗൗരവമായാണ് ചൈന കാണുന്നത്.

ഈ സാഹചര്യത്തില്‍ വന്‍ മുതല്‍ മുടക്കില്‍ പാക്കിസ്ഥാനിലൂടെ ബലൂചിസ്ഥാനിലെ ഗോദര്‍ തുറമുഖം വരെ എത്തുന്ന സാമ്പത്തിക ഇടനാഴിയുടെ സ്ഥിതി എന്താകുമെന്ന കാര്യത്തില്‍ ചൈനക്ക് തന്നെ ഇപ്പോള്‍ കടുത്ത ആശങ്കയുണ്ട്.

ഈ ആശങ്കയും ദേഷ്യവുമാണ് ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ് ഇപ്പോള്‍ ഷാങ്ങ് ഹായ് സഹകരണ സമിതി യോഗത്തില്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അവഗണിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.
IMG-20170610-WA0028

ആതിഥേയേരായ കസഖ് സ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായി മാത്രം കൂടിക്കാഴ്ച നടത്തി പാക്ക് പ്രധാനമന്ത്രിക്ക് മടങ്ങേണ്ടി വന്നത് അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ചൈനീസ് സര്‍ക്കാര്‍ മാധ്യമം പാക്കിസ്ഥാന്റെ കാര്യത്തില്‍ മൗനം പാലിച്ചതും ശ്രദ്ധേയമായി.

പാക്ക് ഭരണകൂടത്തെയും സൈന്യത്തേയും ചൈനയുടെ ഈ പെരുമാറ്റം ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രിയോട് കൂടിക്കാഴ്ച നടത്തിയ ചൈനീസ് പ്രസിഡന്റ് ഉറ്റ സുഹൃത്തായ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയെ അവഗണിച്ചത് പാക്ക് ജനതയെയും അമ്പരിപ്പിച്ചിട്ടുണ്ട്.

ഭീകരവാദികളെ പാലൂട്ടി വളര്‍ത്തുന്നത് പാക്കിസ്ഥാനാണെന്നും ഭീകരര്‍ക്കെതിരെ ഒരു നടപടിയും അവര്‍ സ്വീകരിക്കുന്നില്ലെന്നും ബോധ്യപ്പെടാന്‍ രണ്ട് ചൈനീസ് അധ്യാപകരുടെ രക്തസാക്ഷിത്വം വേണ്ടി വന്നിരിക്കുകയാണ് ചൈനക്ക്.

ഇനിയും കണ്ണടച്ചാല്‍ അത് പാക്കിസ്ഥാനിലെ ചൈനീസ് പൗരന്മാരുടെ ഗതി തന്നെ അപകടത്തിലാക്കിയേക്കുമെന്ന് കണ്ടാണ് ചൈന ഇപ്പോള്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

Top