യുഎസ് വിമാനത്തെ തടഞ്ഞ് ചൈനീസ് പോര്‍ വിമാനങ്ങള്‍ ; വിമര്‍ശനവുമായി അമേരിക്ക

വാഷിങ്ടന്‍: കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ടു ചൈനീസ് പോര്‍ വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു.

ചൈനയുടെ നിരുത്തരവാദിത്തപരമായ സമീപനത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ നടപടി സ്വീകരിക്കുമെന്നു യുഎസ് അധികൃതര്‍ അറിയിച്ചു.

ഏതെങ്കിലും രാജ്യം ആണവ പരീക്ഷണങ്ങള്‍ നടത്തുകയാണെങ്കില്‍ അതിന്റെ റേഡിയേഷന്‍ പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള യുഎസ് ഡബ്ല്യൂസി-135 എന്ന വിമാനത്തെയാണ് ചൈനയുടെ രണ്ട് സുഖോയ് സു-30 വിമാനങ്ങള്‍ തടഞ്ഞത്. ഇതില്‍ ഒരു ചൈനീസ് വിമാനം യുഎസ് വിമാനത്തിന് ഏതാണ്ട് 150 അടിയോളം അടുത്തുവരെ എത്തിയെന്നാണു റിപ്പോര്‍ട്ട്.

രാജ്യാന്തര നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചു നിരീക്ഷണം നടത്തുകയായിരുന്ന വിമാനത്തെ ചൈന ബോധപൂര്‍വം തടഞ്ഞുവെന്നാണ് യുഎസിന്റെ ആരോപണം.

Top