‘ഞങ്ങള്‍ വെറും ഉപകരണം’; ചൈനീസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സ്ത്രീകള്‍

ചൈനയുടെ ജനസംഖ്യ നിയന്ത്രണ പരിപാടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവുമായി സ്ത്രീകള്‍. സ്ത്രീകളെ ഉപകരണമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് അവര്‍ വിമര്‍ശിച്ചു. സര്‍ക്കാരിന് തോന്നുന്ന പോലെയാണ് എത്ര കുട്ടികള്‍ വേണം എന്ന് തീരുമാനിക്കുന്നത്. ഇളവ് ചൂട്ടിക്കാട്ടി ‘മൂന്ന് കുട്ടി നയം’ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനം.

മേയ് 31 നാണ് നയം പ്രഖ്യാപിച്ചത്. ചൈനീസ് പൗരന്മാര്‍ സമൂഹ മാധ്യമമായ വെയ്‌ബോയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. വര്‍ദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകള്‍, നീണ്ട ജോലി സമയം, ശരിയായ ശിശു സംരക്ഷണ സേവനങ്ങളുടെ ലഭ്യതക്കുറവ്, വിലക്കയറ്റം എന്നിവയെപ്പറ്റി ജനങ്ങള്‍ പരാതിപ്പെട്ടു. കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസ ചെലവുകള്‍ക്കും ചൈനീസ് സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്തിട്ടില്ല.

അതേസമയം, സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത ഓണ്‍ലൈന്‍ കോച്ചിംഗ് സെന്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വാക്കുപാലിച്ചു. കടുത്ത മത്സരപ്പരീക്ഷയുടെ അന്തരീക്ഷമാണ് ചൈനയില്‍ ഉള്ളത്. ഒപ്പം ഓണ്‍ലൈന്‍ ഗെയിമിങിന് നിരോധനം ഏര്‍പ്പെടുത്തുകയും കുട്ടികള്‍ക്ക് വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ കഴിയുന്ന സമയം മൂന്ന് മണിക്കൂറായി പരിമിതപ്പെടുത്തുകയും ഓണ്‍ലൈന്‍ സെലിബ്രിറ്റി ഫാന്‍ ക്ലബ്ബുകള്‍ നിരോധിക്കുകയും ചെയ്തു.

ഈ നീക്കങ്ങളെല്ലാം, ചൈനീസ് സാമൂഹിക ജീവിതത്തില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ‘ഷി ജിന്‍പിംഗ്’ ചിന്താഗതിയില്‍പ്പെട്ടതാണെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.

Top