ഇലോൺ മസ്കിന്റെ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിന്റെ കാരണം വെളിപ്പെടുത്തി ചൈനീസ് എതിരാളികൾ

പ്രില്‍20ന് നടന്ന ആദ്യ പരീക്ഷണ വിക്ഷേപണത്തിനു ശേഷം 239 സെക്കൻഡുകള്‍ക്കകം സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചിരുന്നു. ഇതു സംബന്ധിച്ച് സ്‌പേസ് എക്‌സ് ഔദ്യോഗിക വിശദീകരണം തരുന്നതിനു മുൻപ് തന്നെ അവരുടെ എതിരാളികളായ ചൈനീസ് എയറോസ്‌പേസ് സിസ്റ്റം എൻജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പൊട്ടിത്തെറിയുടെ കാരണങ്ങള്‍ പുറത്തുവിട്ടു. സ്റ്റാര്‍ഷിപ്പ് റോക്കറ്റിലെ സ്മാര്‍ട് ത്രസ്റ്റ് വെക്ടര്‍ കണ്‍ട്രോള്‍ സിസ്റ്റം ശരിക്ക് പ്രവര്‍ത്തിക്കാതിരുന്നതാണ് സ്‌പേസ് എക്‌സിന്റെ റോക്കറ്റ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് ചൈനീസ് കമ്പനി പറഞ്ഞത്.

അടിയന്തര സാഹചര്യങ്ങളില്‍ റോക്കറ്റിന്റെ പ്രശ്‌നങ്ങള്‍ തത്സമയം കണ്ടെത്തി പരിഹരിക്കുന്നത് സ്മാര്‍ട് ത്രസ്റ്റ് വെക്ടര്‍ കണ്‍ട്രോള്‍ സംവിധാനമാണ്. ചൈനയുടെ ലോങ് മാര്‍ച്ച് റോക്കറ്റുകളുടെ ഡിസൈൻ നിര്‍വഹിക്കുന്നത് ചൈനീസ് എയറോസ്‌പേസ് സിസ്റ്റം എൻജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പൊട്ടിത്തെറി സംബന്ധിച്ച വിശദീകരണം ചൈന സ്‌പേസ് ന്യൂസില്‍ ഏപ്രില്‍ 27നാണ് വരുന്നത്. ഇവരുടെ സ്റ്റാര്‍ഷിപ്പിന്റെ പൊട്ടിത്തെറിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈനീസ് സോഷ്യല്‍മീഡിയയായ വിചാറ്റില്‍ വൈറലാവുകയും ചെയ്തിരുന്നു.

ചൈനീസ് വിശദീകരണം പുറത്തുവന്നതിനു ശേഷം രണ്ടു ദിവസങ്ങള്‍ കഴിഞ്ഞ് ഏപ്രില്‍ 29ന് ഇലോണ്‍ മസ്‌ക് തന്നെ ഇത് ശരിയാണെന്ന് സമ്മതിച്ചു. സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തെ കുറിച്ച് ട്വിറ്ററില്‍ നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു ഇലോണ്‍ മസ്‌ക് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സ്റ്റാര്‍ഷിപ്പിന്റെ ത്രസ്റ്റ് വെക്ടര്‍ കണ്‍ട്രോളിന്മേലുള്ള നിയന്ത്രണം വിക്ഷേപണം നടന്ന് 85 സെക്കൻഡ് കഴിഞ്ഞതോടെ നഷ്ടമായെന്ന് സ്‌പേസ് എക്‌സ് മേധാവി സമ്മതിക്കുകയായിരുന്നു.

119 മീറ്റര്‍ (390 അടി) ഉയരമുള്ള സ്റ്റാര്‍ഷിപ്പ് മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ള ഏറ്റവും വലിയ റോക്കറ്റുകളിലൊന്നാണ്. 5000 ടണ്‍ ഭാരവുമായി പറന്നുയരാന്‍ സാധിക്കുന്ന സ്റ്റാര്‍ഷിപ്പിന് 100 മനുഷ്യരേയോ അല്ലെങ്കില്‍ 100 ടണ്‍ ചരക്കോ വഹിച്ചുകൊണ്ട് ചൊവ്വയിലേക്ക് പറക്കാന്‍ ശേഷിയുണ്ട്. സ്‌പേസ് എക്‌സിന്റെ ചൊവ്വയിലെ മനുഷ്യ കോളനിയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള പ്രധാന ബഹിരാകാശ വാഹനമാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. അഞ്ച് വര്‍ഷം മുൻപ് സ്റ്റാര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഭൂമിയിലെ ഏതു നഗരത്തിലേക്കും ഒരു മണിക്കൂറില്‍ പറന്നെത്താനാവുമെന്നും ഇലോണ്‍ മസ്‌ക് അവകാശപ്പെട്ടിരുന്നു.

ഫാല്‍ക്കണ്‍ 9 റോക്കറ്റുകളെ പോലെ ഏതാണ്ട് പൂര്‍ണമായി തന്നെ പുനരുപയോഗിക്കാന്‍ സാധിക്കുന്നവയാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റുകള്‍. ഫാല്‍ക്കണ്‍ 9 റോക്കറ്റിനെ പോലെ പറന്നുയരുന്ന അതേ നിലയില്‍ താഴേക്കിറങ്ങുന്ന സ്റ്റാര്‍ഷിപ്പിന്റെ വേഗം കുറക്കാനും റോക്കറ്റ് എൻജിനുകളെ ഉപയോഗിക്കാറുണ്ട്. സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആദ്യ വിക്ഷേപണ പരീക്ഷണം പരാജയപ്പെട്ടെങ്കിലും നിര്‍മാണ ഘട്ടത്തിലുള്ള റോക്കന്റിന്റെ ന്യൂനതകള്‍ പരിഹരിക്കാന്‍ ഈ പരീക്ഷണം സ്‌പേസ് എക്‌സിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Top