വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങളെ തേടിയെത്തും; കൊറോണയുടെ പേരില്‍ ചൈനയില്‍ ‘കൂട്ടക്കൊല’

കൊറോണാവൈറസ് പകരുന്നത് ഒഴിവാക്കാനായി വീടുകള്‍ തോറും കയറി ചൈനീസ് അധികൃതര്‍ വളര്‍ത്തമൃഗങ്ങളുടെ കൂട്ടക്കൊല നടത്തുന്നതായി മൃഗസംരക്ഷ പ്രവര്‍ത്തകര്‍. കഴിഞ്ഞ മാസമാണ് വളര്‍ത്തമൃഗങ്ങളിലേക്കും രോഗം പകരാമെന്ന ആശങ്ക പുറത്തുവരുന്നത്. വൈറസ് പടരുന്നത് തടയാന്‍ വളര്‍ത്തമൃഗങ്ങളെയും ക്വാറന്റൈന്‍ ചെയ്യണമെന്നാണ് ചൈനീസ് ആരോഗ്യ വിദഗ്ധന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ നിര്‍ദ്ദേശത്തില്‍ വാസ്തവമില്ലെന്ന് അവകാശപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരുന്നു. വളര്‍ത്തുമൃഗങ്ങളിലേക്ക് വൈറസ് പകരുന്നതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡബ്യുഎച്ച്ഒ വ്യക്തമാക്കി. എന്നാല്‍ ചൈനയിലെ സിഷ്വാന്‍ പ്രവിശ്യയില്‍ കമ്മ്യൂണിറ്റി ഓഫീസര്‍മാര്‍ വീടുകള്‍ തോറും ഈ ലക്ഷ്യം സാധൂകരിക്കാനായി കയറിയിറങ്ങുകയാണ്.

വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങളെ കൈമാറാന്‍ ഉത്തരവും നല്‍കുന്നു, ഏതാനും നിമിഷങ്ങള്‍ക്കകം ഇവയെ തെരുവിലിട്ട് വധിക്കുകയും ചെയ്യുകയാണെന്ന് നാന്‍ചോംഗ് മിസ്സിംഗ് അനിമല്‍ എയ്ഡ് ഗ്രൂപ്പ് പറയുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നായകളുടെ ജഡം കൊണ്ടുപോകുന്ന ട്രക്കിന്റെ വീഡിയോ ദൃശ്യങ്ങളും സംഘടന പുറത്തുവിട്ടു. ലോംഗ്കാന്‍ പട്ടണത്തിലെ കമ്മ്യൂണിസിറ്റ് പാര്‍ട്ടി സെക്രട്ടറിയാണ് ഈ ക്രൂരമായ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിച്ചു.

മൃഗങ്ങളെ കൊന്നൊടുക്കാന്‍ കൊറോണ പകര്‍ച്ചവ്യാധിയെ ചൈനീസ് അധികൃതര്‍ ആയുധമാക്കുകയാണെന്ന് മൃഗാവകാശ സംഘമായ പെറ്റ പറഞ്ഞു. പൊതുജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാന്‍ ഇതുപോലുള്ള പ്രവൃത്തികള്‍ക്ക് കൊണ്ട് സാധിക്കില്ല. സമൂഹത്തില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് ഉപകരിക്കുക, പെറ്റ വക്താവ് പറഞ്ഞു. കഴിഞ്ഞ ആഴ്ച തെരുവ് നായകളെ പട്ടാപ്പകല്‍ കൂട്ടക്കൊല ചെയ്തതിന് പിന്നാലെയാണ് വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങളെയും ഇവര്‍ തേടിയെത്തുന്നത്.

Top