കാലില്‍ ചൈനീസ് കുറിപ്പ് ; 8 മാസം പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച പ്രാവിന് മോചനം

മുംബൈ: പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രാവിന് ഒടുവില്‍ മോചനം. ചൈനീസ് രഹസ്യ സന്ദേശവുമായി എത്തിയെന്ന് സംശയത്തേ തുടര്‍ന്ന് 8 മാസം കസ്റ്റഡിയില്‍ സൂക്ഷിച്ച ശേഷമാണ് മുംബൈ പൊലീസ് പ്രാവിനെ തുറന്ന് വിട്ടത്. മെയ് മാസത്തിലാണ് മുംബൈ തുറമുഖ പരിസരത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ പ്രാവിനെ പിടികൂടിയത്. ചൈനീസ് ഭാഷയിലെഴുതിയെന്ന് സംശയിക്കുന്ന സന്ദേശമടങ്ങിയ കുറിപ്പ് കാലില്‍ നിന്നും കണ്ടെത്തിയതോടെയാണ് പൊലീസ് പ്രാവിനെ കസ്റ്റഡിയിലെടുത്തത്.

പ്രാവിനെ ഉപയോഗിച്ചുള്ള ചാര പ്രവര്‍ത്തനം എന്ന സംശയത്തേ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. കസ്റ്റഡിയിലെടുത്ത പ്രാവിനെ മുംബൈയിലെ ഭായി സാകാര്‍ഭായി ദിന്‍ഷോ പെറ്റിറ്റ് ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. പിന്നീടാണ് പ്രാവ് തായ്വാനിലെ പ്രാവ് പറത്തല്‍ മത്സരത്തിന് ഉപയോഗിക്കുന്ന പ്രാവ് കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയതാണെന്ന് വ്യക്തമായത്. ഇതോടെ പ്രാവിലെ പൊലീസ് അനുമതിയോടെ മുംബൈയിലെ ഒരു മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ വച്ചാണ് ഡോക്ടര്‍മാര്‍ പ്രാവിനെ പരിശോധനകള്‍ക്ക് ശേഷം തുറന്ന് വിട്ടത്. ഇത് ആദ്യമായല്ല പക്ഷികളേയും മൃഗങ്ങളേയും പൊലീസ് സംശയിച്ച് കസ്റ്റഡിയിലെടുക്കുന്നത്. 2020ല്‍ കശ്മീരില്‍ സമാനമായ സംശയങ്ങളേ തുടര്‍ന്ന് ഒരു പ്രാവിനെ പിടികൂടിയിരുന്നു. 2016ല്‍ പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശ കുറിപ്പുമായി എത്തിയ പ്രാവിനേയും കസ്റ്റഡിയില്‍ എടുത്തിരുന്നു.

Top