കോവിഡിനെ തടയാന്‍ ശേഷിയുള്ള മരുന്ന് വികസിപ്പിക്കുന്നതായി ചൈനീസ് ലാബ്‌

ബെയ്ജിങ്: കോവിഡിനെതിരായ വാക്സിന്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങളെല്ലാം. എന്നാല്‍ ഇപ്പോഴിതാ ചൈനയിലെ ഒരു ലബോറട്ടറി വികസിപ്പിക്കുന്ന മരുന്നിന് വൈറസിനെ തടയാന്‍ ശേഷിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചൈനയിലെ പെക്കിംഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ മരുന്നിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ പരീക്ഷിച്ച മരുന്നിന് രോഗബാധയില്‍ നിന്ന് മുക്തരാവാനുള്ള സമയം കുറയ്ക്കുക മാത്രമല്ല, വൈറസില്‍ നിന്ന് ഹ്രസ്വകാല പ്രതിരോധശേഷി പോലും നല്‍കാന്‍ കഴിയുമെന്നാണ് പറയുന്നത്.

ഈ മരുന്ന് പരീക്ഷണം മൃഗങ്ങളില്‍ വിജയകരമാണെന്ന് സര്‍വ്വകലാശാലയുടെ ബീജിംഗ് അഡ്വാന്‍സ്ഡ് ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ജെനോമിക്‌സ് ഡയറക്ടര്‍ സണ്ണി ഷീ പറഞ്ഞു.

‘രോഗം ബാധിച്ച എലികളില്‍ ഞങ്ങള്‍ ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ കുത്തിവച്ചപ്പോള്‍, അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വൈറല്‍ ഫാക്ടര്‍ കുറയുന്നതായി കണ്ടു. അതിനര്‍ത്ഥം ഈ മരുന്നിന് ചികിത്സാ സാധ്യതയുണ്ടെന്നാണ്’- ഷീ പറഞ്ഞു.

കോശങ്ങളെ വൈറസ് ബാധിക്കുന്നത് തടയാന്‍ മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനം ഉല്‍പാദിപ്പിക്കുന്ന ന്യൂട്രലൈസിംഗ് ആന്റിബോഡികളാണ് മരുന്നില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. സുഖം പ്രാപിച്ച 60 രോഗികളുടെ രക്തത്തില്‍ നിന്നാണ് ഗവേഷക സംഘം ഇത് വേര്‍തിരിച്ചെടുത്തത്.

ഈ വര്‍ഷാവസാനം മരുന്ന് ഉപയോഗത്തിന് തയ്യാറാകുമെന്നും ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഷീ കൂട്ടിച്ചേര്‍ത്തു. അതേസമയം, ചൈനയില്‍ കേസുകള്‍ കുറഞ്ഞതിനാല്‍ തന്നെ പരീക്ഷണത്തിന് മനുഷ്യരെ ലഭ്യമാകുന്ന ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ മരുന്ന് പരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top