Chinese incursion in Ladakh on March 8

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ലഡാക്കില്‍ ചൈനീസ് സൈന്യം വീണ്ടും അതിക്രമിച്ച കടന്നു. ഈ മാസം എട്ടിന് അതിര്‍ത്തി കടന്ന ആറ് കിലോമീറ്ററോളം ദൂരം ചൈനീസ് സൈന്യം എത്തിയതായും ടെന്റുകള്‍ നിര്‍മ്മിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഇവരെ രണ്ടുമണിക്കൂറിനുള്ളില്‍ തിരിച്ചയച്ചു.

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കേണല്‍ റാങ്കിലുള്ള സൈനികന്റെ നേതൃത്വത്തില്‍ 11 സൈനികരുടെ സംഘമാണ് അതിര്‍ത്തി ലംഘിച്ച് ലഡാക്കിലെ പാന്‍ഗോങ് തടാകത്തിനടുത്തെത്തിയത്. പാന്‍ഗോങ്ങിന്റെ 45 കിലോമീറ്റര്‍ ഇന്ത്യയ്ക്കുള്ളിലും 90 കിലോമീറ്റര്‍ ചൈനയുടെ കൈവശവുമാണ്.

നാല് വാഹനങ്ങളിലായി അതിര്‍ത്തി ലംഘിച്ച സൈന്യം ആറ് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. വന്‍ ആയുധ ശേഖരവും ചൈനീസ് സംഘം കരുതിയിരുന്നു. വിവരമറിഞ്ഞ ഇന്തോ-ടിബറ്റന്‍ പോലീസ് ഉടന്‍ തന്നെ പെട്രോളിംഗ് നടത്തി. ഇതോടെ ചൈനീസ് സൈന്യം പിന്‍മാറുകയായിരുന്നു. മേഖലയില്‍ സൈന്യം കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

2013ല്‍ ദെപ്‌സാങില്‍ ചൈനീസ് സൈന്യം സമാനമായി അതിക്രമിച്ച് കയറിയിരുന്നു.

Top