കൊറോണ ചൈനയ്ക്ക് പുറത്ത് പണി തുടങ്ങുന്നു; ഭൂമുഖത്തെ എല്ലാ രാജ്യത്തും ആഞ്ഞടിക്കും!

ലോകത്തിലെ എല്ലാ രാജ്യങ്ങളും കൊറോണാവൈറസ് ഭീതി പ്രതീക്ഷിക്കണമെന്ന് ലോകാരോഗ്യ സംഘടന വിദഗ്ധര്‍. ചൈനയ്ക്ക് പുറത്ത് പകര്‍ച്ചവ്യാധി ഇപ്പോള്‍ ‘പണി’ തുടങ്ങിയിട്ടുള്ളുവെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഏപ്രില്‍ മാസത്തോടെ രോഗത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കാമെന്നാണ് ചൈനീസ് ആരോഗ്യ രംഗത്തെ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. രണ്ടാഴ്ച കാലത്തിനിടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞതാണ് ഇതിന് കാരണം.

എന്നാല്‍ ചൈനയില്‍ രോഗം അതിന്റെ ഉന്നതിയില്‍ എത്തിച്ചേര്‍ന്നെങ്കിലും മറ്റ് രാജ്യങ്ങളുടെ സ്ഥിതി അതല്ലെന്ന് ഡബ്യുഎച്ച്ഒ അധികൃതര്‍ വ്യക്തമാക്കുന്നു. രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ രോഗം വ്യാപകമാകാനുള്ള സാധ്യതയാണ് വര്‍ദ്ധിക്കുന്നത്. ‘വൈറസ് എത്തിച്ചേര്‍ന്നിരിക്കുന്ന മറ്റ് രാജ്യങ്ങളില്‍ ഇത് തുടക്കം മാത്രമാണ്. സിംഗപ്പൂരില്‍ പകര്‍ച്ചവ്യാധിയുടെ ആരംഭം മാത്രമാണ് കാണുന്നത്. എല്ലാ രാജ്യത്തും ഇനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങും’, ഡബ്യുഎച്ച്ഒ ഗ്ലോബല്‍ ഔട്ട്‌ബ്രേക്ക് അലേര്‍ട്ട് റെസ്‌പോണ്‍സ് നെറ്റ്‌വര്‍ക്ക് ചെയര്‍ ഡെയില്‍ ഫിഷര്‍ പറഞ്ഞു.

ഇതിനകം 1100 പേരുടെ മരണത്തിന് ഇടയാക്കി 46000 പേരിലേക്ക് വളര്‍ന്ന വൈറസ് പ്രധാനമായും ചൈനയെ ആണ് കുഴപ്പിച്ചത്. സിംഗപ്പൂരില്‍ ഇതുവരെ 50 കൊറോണാവൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയാണ്. എന്നാല്‍ സിംഗപ്പൂരില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നത് കൊണ്ടാണ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കാണുന്നതെന്ന് ഫിഷര്‍ പറയുന്നു.

മനുഷ്യരാശി നേരിടുന്ന ഏറ്റവും മോശം ശത്രുവെന്നാണ് വൈറസിനെ ഡബ്യുഎച്ച്ഒ വിശേഷിപ്പിക്കുന്നത്. ഭീകരവാദത്തേക്കാള്‍ മനുഷ്യന്‍ നേരിടുന്ന ഭീഷണിയാണ് കൊറോണയെന്നാണ് വിലയിരുത്തല്‍. ഒരു വര്‍ഷത്തോളമെങ്കിലും വൈറസിന്റെ കളി തുടരുമെങ്കിലും വാക്‌സിന്‍ വികസിപ്പിക്കാന്‍ 18 മാസമെങ്കിലും വേണമെന്നാണ് ഡബ്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രെയ്‌സിസ് വ്യക്തമാക്കുന്നത്.

Top