കോവിഡ് വാക്‌സിന്റെ ഗവേഷണരഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നു

വാഷിങ്ടണ്‍: കോവിഡിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്‌സിന്റെ ഗവേഷണരഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി അമേരിക്ക.

കോവിഡിനെതിരെ അടിയന്തരമായി വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന പൊതു-സ്വകാര്യമേഖലാസ്ഥാപനങ്ങള്‍ക്ക് ഹാക്കര്‍മാരെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് എഫ്ബിഐയും ആഭ്യന്തരസുരക്ഷാവിഭാഗവുമെന്ന് പ്രമുഖ ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം, വാക്‌സിന്റെ പൂര്‍ണവിവരം, ബൗദ്ധികസ്വത്ത് സംബന്ധിച്ച കാര്യങ്ങളും ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായാണ് സൂചന.

ചൈനാഗവണ്മെന്റിന്റെ അറിവോടെയാണ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎസ് ആരോപിക്കുന്നു. ഹാക്കര്‍മാര്‍ക്കെതിരെയുള്ള ഔദ്യോഗിക മുന്നറിയിപ്പ് അടുത്ത ദിവസങ്ങളില്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.

അതേസമയം, ചൈന സെബര്‍ ആക്രമണത്തെ കുറിച്ചുള്ള എല്ലാ ആരോപണങ്ങളും ശക്തമായി നിഷേധിച്ചു. കോവിഡിനെതിരെയുള്ള വാക്‌സിന്‍ വികസനത്തിലും കോവിഡ് ചികിത്സയിലും ചൈന ബഹുദൂരം മുന്നിലാണെന്നും തങ്ങള്‍ക്കെതിരായ ആരോപണങ്ങളും കിംവദന്തികളും അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യമാന്ത്രാലയ വക്താവ് ഴാവോ ലിജിയന്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ബ്രിട്ടണും യുഎസും സംയുക്തമായി വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്നു. ആരോഗ്യസ്ഥാപനങ്ങളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നു എന്നായിരുന്നു വിമര്‍ശനം.

Top