ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

ഡല്‍ഹി: ചൈനയുടെ വിദേശകാര്യ മന്ത്രി വാങ്‌യി ഡല്‍ഹിയിലെത്തി. ലഡാക്കില്‍ ഇന്ത്യാ-ചൈന സൈനികര്‍ തമ്മിലുളള സംഘര്‍ഷം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷമുളള ആദ്യത്തെ ഉന്നതതല ചൈനീസ് സന്ദര്‍ശനമാണിത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ യാതൊരു സൂചനയും നല്‍കിയിരുന്നില്ല.

ഇന്ത്യാ-ചൈന ബന്ധം പുനരാരംഭിക്കുകയും ഈ വര്‍ഷാവസാനം ബീജിംഗില്‍ നടക്കുന്ന ബ്രിക്സ് യോഗത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുകയുമാണ് വാങ് യിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞാണ് വാങ് യി നേരെ ഡല്‍ഹിയില്‍ എത്തിയത് എന്നാണ് വിവരം.
അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്ത്യാ ചൈന ബന്ധം വഷളായത്. 20 ഇന്ത്യന്‍ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ട ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തിലെ തകരാറുകള്‍ രൂക്ഷമായി. പിന്നീട് സൈനിക തലത്തിലെ നിരന്തരമായ ചര്‍ച്ചകള്‍ ഏറ്റുമുട്ടലിന്റെ തീവ്രത കുറച്ചു. എന്നാല്‍ 2020ന് മുമ്പ് ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന സ്ഥിതിയിലേക്ക് ഇതുവരെ ഒരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മാര്‍ച്ച് 11ന് ഇന്ത്യയും ചൈനയും 15-ാം റൗണ്ട് സൈനിക ചര്‍ച്ച നടത്തിയിരുന്നു. അതേസമയം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മോസ്‌കോയിലും ദുഷാന്‍ബെയിലും വാങ് യിയുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. 2020 സെപ്റ്റംബറില്‍, ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഒരു ഉച്ചക്കോടിയുടെ ഭാഗമായി ഇരുനേതാക്കളും മോസ്‌കോയില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തി, ഈ സമയത്ത് കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തിരുന്നു.

Top