ഉത്തരാഖണ്ഡിലും ഹിമാചലിലും നിര്‍മ്മാണ ശ്രമങ്ങളുമായി ചൈനീസ് സേന

ഡെറാഡൂണ്‍: സമാധാനാന്തരീക്ഷമുള്ള ഹിമാചലിലേയും ഉത്തരാണ്ഡിലേയും അതിര്‍ത്തിയിലേക്ക് കടന്നുകയറ്റ ശ്രമങ്ങളുമായി ചൈന. വടക്ക് കിഴേക്കന്‍ മേഖലകളെ അപേക്ഷിച്ച് താരതമ്യേന ശാന്തമായ ഹിമാചല്‍ പ്രദേശിലെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ മേഖലയിലേക്കാണ് ചൈനീസ് സേനയുടെ പുതിയ കടന്നുകയറ്റ ശ്രമങ്ങള്‍. കിഴക്കന്‍ ലഡാക്കില്‍ നാല് വര്‍ഷത്തോളമായി സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷം ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ നാശം വിതച്ചിരുന്നു.

ഇന്ത്യയും അമേരിക്കയും എല്‍എസിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുപള്ള ഓലിയില്‍ സംയുക്തമായി ആയുധ അഭ്യാസം സംഘടിപ്പിച്ചതിന് മാസങ്ങള്‍ക്ക് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം. ഉത്തരാഖണ്ഡിന് നേരെ എതിര്‍ മേഖലയില്‍ വായുവിലൂടെയുള്ള കണക്ടിവിറ്റി ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് ചൈനയെന്നാണ് സേനാ വൃത്തങ്ങളില്‍ നിന്ന് ലഭ്യമായ വിവരം. സാരംഗിലും, പോളിംഗ് ജിന്‍ഡുവിലും പുതിയ ഹെലിപാഡുകളും പുതിയ റോഡുകളും നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ചൈനയുള്ളത്. ഇന്ത്യയുടെ നിതി പാസ് മേഖലയ്ക്ക് വിപരീത ദിശയിലാണ് ഈ നിര്‍മ്മാണങ്ങളെന്നതാണ് ശ്രദ്ധേയം. നിതി പാസിനും തുന്‍ജും പാസിനും സമീപത്തായി ചൈനീസ് സേനയുടെ ക്യാംപുകളും നിര്‍മ്മിക്കുന്നതായാണ് വിവരം.

യുദ്ധ സമാനമായ സാഹചര്യമുണ്ടായാല്‍ ചൈനീസ് സേനയുടെ നീക്കത്തെ സഹായിക്കുന്നതാണ് ഈ നിര്‍മ്മാണമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇന്ത്യയ്ക്കും ടിബറ്റിലേക്കുമുള്ള പുരാതന വ്യാപാര പാതയാണ് നിതി പാസ്. 1962ലെ യുദ്ധത്തിന് ശേഷമാണ് ഈ പാത അടച്ചത്. സംഘര്‍ഷ മേഖലയില്‍ സൈനികരെ വിന്യസിക്കുന്നതിനുള്ള സാമ്പത്തിക ഭാരവും സ്ട്രാറ്റജിക് മേഖലയിലേക്ക് കടന്നുകയറാനുള്ള ശ്രമവുമായി ഇന്ത്യയെ ബുദ്ധിമുട്ടിലാക്കാനുള്ള ശ്രമങ്ങളിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ചൈനയുള്ളത്. ദേശീയ സുരക്ഷയിലെ സമതുലനാവസ്ഥയ്ക്ക് വെല്ലുവിളി സൃഷ്ടിക്കാനാണ് ഈ ശ്രമങ്ങളുടെ പിന്നില്‍ ചൈനയുടെ ലക്ഷ്യമെന്നാണ് സേനാവൃത്തങ്ങള്‍ വിശദമാക്കുന്നത്. ഇന്ത്യന്‍ സമുദ്രത്തിലെ സേനാ ബലത്തിന് ക്ഷയം ലക്ഷ്യമിട്ടുള്ളതാണ് പിന്നിലൂടെയുള്ള ഇത്തരം ശ്രമങ്ങളുടെ ലക്ഷ്യമെന്നും സേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു.

Top