Chinese experts back Pakistan, say India sealing border is ‘irrational’

ബെയ്ജിങ്: ശീതയുദ്ധ മാനസികാവസ്ഥ വെളിവാക്കുന്നതാണ് പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാനുള്ള ഇന്ത്യയുടെ നീക്കമെന്നു ചൈന.
പാക് അതിര്‍ത്തി അടയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം യുക്തിസഹമല്ലെന്നും ഇതുമൂലം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുമെന്നും ചൈനീസ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ ചൈന ബന്ധത്തെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും ചൈനീസ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

ഉറി ഭീകരാക്രമണം സംബന്ധിച്ച സമഗ്ര അന്വേഷണം നടത്താതെയാണ് പാകിസ്താന്‍ അതിര്‍ത്തി അടയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതെന്ന് ഷാന്‍ഹായ് അക്കാഡമിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ ഗവേഷകന്‍ ഹൂ സിയോങ് ആരോപിച്ചു. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ ആണെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും ഗ്ലോബല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു.

3323 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയോടാണ് ഹൂ സിയോങ് പ്രതികരിച്ചത്. 2018 ഡിസംബറോടെ അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്നായിരുന്നു രാജ്‌നാഥിന്റെ പ്രസ്താവന.

അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുന്നതുമൂലം ഇപ്പോള്‍ത്തന്നെ പ്രതിസന്ധി നേരിടുന്ന അതിര്‍ത്തി കടന്നുള്ള വ്യാപാരവും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയും പൂര്‍ണമായും തടസപ്പെടുമെന്നും ചൈനയിലെ വിദഗ്ദ്ധര്‍ പറയുന്നു.

Top