ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈനീസ് കടന്നുകയറ്റം; ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തുമ്പോള്‍ ഇന്ത്യയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ഇന്ത്യന്‍ സംരംഭകന്‍ സോനം വാങ്ചുക്. ‘3 ഇഡിയറ്റ്സ്’ എന്ന സിനിമയ്ക്കു പ്രചോദനമായ ഇന്ത്യന്‍ സംരംഭകനാണ് സോനം വാങ്ചുക്.

ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ചൈനീസ് സോഫ്റ്റ്വെയറുകളും ഒരു വര്‍ഷത്തിനുള്ളില്‍ ചൈനീസ് ഹാര്‍ഡ്വെയറുകളും ഒഴിവാക്കൂവെന്നും മഗ്സസെ അവാര്‍ഡ് ജേതാവായ വാങ്ചുക് പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ തന്റെ ചൈനീസ് നിര്‍മിത ഫോണ്‍ ഉപേക്ഷിക്കുമെന്നും വാങ്ചുക് പറഞ്ഞു. അതിനുള്ള വിശദീകരണവും അദ്ദേഹം ഒരു വിഡിയോയില്‍ നല്‍കുന്നുണ്ട്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ‘ത്രീ ഇഡിയറ്റ്സില്‍’ ആമിര്‍ ഖാന്‍ അവതരിപ്പിച്ച ഫുന്‍സുക് വാങ്ഡു എന്ന കഥാപാത്രം സോനം വാങ്ചുകില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു വെള്ളിത്തിരയിലെത്തിയത്.

‘നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്നു. അതേസമയം നമ്മള്‍ ചൈനീസ് ഹാര്‍ഡ്വെയറുകള്‍ വാങ്ങുന്നു. ടിക്ടോക് തുടങ്ങിയ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നു. നമ്മള്‍ അവര്‍ക്കു നല്‍കുന്ന കോടികളുടെ വ്യാപാരത്തിലൂടെയാണ് അവര്‍ സൈനികരെ ആയുധസജ്ജരാക്കി നമുക്കെതിരെ പോരാടാന്‍ എത്തിക്കുന്നത്’ വാങ്ചുക് പറഞ്ഞു.

Top