ചൈനീസ് സമ്പദ്ഘടന കൂടുതല്‍ ദുര്‍ബലത പ്രകടിപ്പിക്കുന്നുവെന്ന്

ബീജിങ്ങ്:ചൈനീസ് സമ്പദ്ഘടന കൂടുതല്‍ ദുര്‍ബലത പ്രകടിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നടപ്പുവര്‍ഷത്തിന്റെ ആദ്യത്തെ ഏഴ് മാസങ്ങളില്‍ നിക്ഷേപം റെക്കോര്‍ഡ് ഇടിവിലെത്തിയെന്നും റീട്ടെയ്ല്‍ വില്‍പ്പന മാന്ദ്യത്തിലായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുഎസുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ ചൈനീസ് സമ്പദ്ഘടനയ്ക്ക് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ട്. സമീപ ആഴ്ചകളില്‍ യുവാനും ഓഹരി വിപണിയും തിരിച്ചടി നേരിട്ടിരുന്നു. സമ്പദ്ഘടനാ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്ന കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ആഴ്ച ചൈനീസ് ക്യാബിനറ്റ് തീരുമാനിച്ചിരുന്നു. നടപ്പുവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കാനാണ് തീരുമാനിച്ചിരുന്നു.

34 ബില്യണ്‍ യു എസ് ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതിനുള്ള പ്രതികാര നടപടികള്‍ ചൈനയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്. ട്രംപിന്റെ നടപടി രാജ്യത്തെ സാമ്പത്തികരംഗത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വ്യവസായരംഗത്തുള്ളവരുടെ നിലപാട്.

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ക്ക് കൂടി തീരുവ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതായി യു എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ മുതല്‍ ഈ ഉത്പന്നങ്ങള്‍ക്ക് മേല്‍ പത്ത് ശതമാനം തീരുവ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്.

Top