ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫു ‘അപ്രത്യക്ഷൻ’; കുറിപ്പുമായി ജപ്പാനിലെ യുഎസ് സ്ഥാനപതി

ബെയ്ജിങ് : ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫു അപ്രത്യക്ഷനായതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് എരിവു പകർന്ന് ജപ്പാനിലെ യുഎസ് സ്ഥാനപതിയുടെ സമൂഹമാധ്യമ പോസ്റ്റ്. ‌ലീ ഷാങ്ഫുവിനെ മൂന്നാഴ്ചയായി കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ജപ്പാനിലെ യുഎസ് സ്ഥാനപതി റാം ഇമ്മാനുവലാണ് എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പിട്ടത്. ലീ ഷാങ്ഫു ചൈനയിൽ വീട്ടുതടങ്കലിലാണോയെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. അതേസമയം, ചൈനയുടെ വിദേശകാര്യ വകുപ്പോ പ്രതിരോധ മന്ത്രാലയമോ ഇതിനോടു പ്രതികരിച്ചിട്ടില്ല.

‘‘ഷേക്സ്പിയർ ഹാംലെറ്റിൽ എഴുതിയതുപോലെ,‘ഡെൻമാർക്ക് സംസ്ഥാനത്ത് എന്തോ ചീഞ്ഞുനാറുന്നു.’ 1: പ്രതിരോധ മന്ത്രി ലീ ഷാങ്ഫു 3 ആഴ്‌ചയായി അപ്രത്യക്ഷനായിരിക്കുന്നു. 2: വിയറ്റ്നാമിലേക്കു നടത്താനിരുന്ന യാത്രയിലും അദ്ദേഹം പങ്കെടുത്തില്ല. ഇപ്പോൾ: സിംഗപ്പുർ നാവികസേനാ മേധാവിയുമായി നടത്താനിരുന്ന യോഗത്തിൽനിന്ന് അദ്ദേഹം വിട്ടുനിന്നത് വീട്ടുതടങ്കലിൽ ആയതുകൊണ്ടാണോ?’’ – യുഎസ് സ്ഥാനപതി കുറിച്ചു.

കഴിഞ്ഞ 29നു ശേഷം മന്ത്രിയെ പുറത്തുകണ്ടിട്ടില്ലെന്നത് കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. കഴിഞ്ഞ മാർച്ചിലാണ് ലീ (65) പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. ഏപ്രിലിൽ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) കൂട്ടായ്മയുടെ ഭാഗമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന പ്രതിരോധ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിരുന്നു.

ചൈനയിൽ അടുത്തിടെ അപ്രത്യക്ഷനായ രണ്ടാമത്തെ മന്ത്രിയാണ് ലീ. നേരത്തെ വിദേശകാര്യമന്ത്രി ചിൻ ഗാങ്ങിനെ ഒരു മാസത്തോളം കാണാതായി. പിന്നീട് പുറത്താക്കി. എന്താണു കാരണമെന്ന് ആർക്കുമറിയില്ല. പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വിശ്വസ്തൻ കൂടിയായിരുന്നു ചിൻ ഗാങ്. പ്രതിരോധ മന്ത്രിക്കും ഈ ഗതി ആയിരിക്കുമോ എന്ന കാര്യവും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ഉന്നതരെ കാണാതാകുന്ന രീതി ഏറെക്കാലമായി ചൈനയിൽ നിലവിലുണ്ട്. രാഷ്ട്രീയക്കാർക്കു പുറമേ സമ്പന്ന വ്യവസായികളും കായികതാരങ്ങളും ഇങ്ങനെ കാണാതായി തിരിച്ചുവന്നവരുടെ പട്ടികയിലുണ്ട്. സമ്പന്ന വ്യവസായി ദുവാൻ വെയിഹോങ് 5 വർഷത്തോളം അപ്രത്യക്ഷയായിരുന്നു. ഉപപ്രധാനമന്ത്രിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച ടെന്നിസ് താരം പെങ് ഷുവായും ഏറെക്കാലം ഇരുട്ടിലായിരുന്നു. ജാക് മാ എന്ന ആലിബാബ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയ്ക്ക് സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്നാണ് അപ്രത്യക്ഷനാകേണ്ടി വന്നത്.

Top