യു എ ഇയും ചൈനയും തമ്മിലുള്ള വ്യാപാരം ബന്ധം കൂടുതല്‍ ശക്തമാകുന്നു

ദുബായ്: യു എ ഇയും ചൈനയും തമ്മിലുള്ള വ്യാപാരം ബന്ധം കൂടുതല്‍ ശക്തമാകുന്നു. 2016 നെ അപേക്ഷിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ 2017 ല്‍ 15.1 ശതമാനം വര്‍ധനയുണ്ടായതായി സാമ്പത്തിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. യു എ ഇയും ചൈനയും തമ്മിലുള്ള എണ്ണ ഇതര മേഖലകളിലെ വ്യാപാരം 195. 8 ബില്യണ്‍ ദിര്‍ഹത്തിലേക്ക് ഉയര്‍ന്നു. 2016ല്‍ 169 ബില്യണ്‍ ദിര്‍ഹമായിരുന്നു.

യു എ ഇയുടെ മൊത്തം വിദേശ വ്യാപാരത്തിന്റെ 14.7 ശതമാനം സംഭാവന ചെയ്യുന്നത് ചൈനയുമായുള്ള വ്യാപാരമാണ്. 2018 ല്‍ ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാര ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നത്.

ബെല്‍റ്റ് ആന്‍ഡ് റോഡ് ഉച്ചകോടി, ചൈന അറബ് സ്‌റ്റേറ്റ്‌സ് എക്‌സ്‌പോ തുടങ്ങി ചൈനീസ് പരിപാടികളില്‍ യു എ ഇ സജീവ പങ്കാളിത്തമാണ് നടത്തിയത്. 2017 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ യു എ ഇയും ചൈനയും തമ്മിലുള്ള വ്യാപാരം 35 ബില്ല്യണ്‍ ഡോളര്‍ പിന്നിട്ടിരുന്നു.

യു എ ഇ യിലെ വികസന പദ്ധതികളില്‍ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം കൂടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഖലീഫ തുറമുഖത്തില്‍ പുതിയ കണ്ടെയ്‌നര്‍ നിര്‍മ്മിച്ച് പ്രവര്‍ത്തിക്കാനുള്ള ചൈനീസ് കമ്പനി സോസ്‌കോയുടെ നീക്കമെല്ലാം ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. യു എ ഇ യിലെ വന്‍കിടഅടിസ്ഥാന സൗകര്യപദ്ധതികളില്‍ പങ്കാളിത്തം ഉറപ്പാക്കാനാണ് ചൈനീസ് കമ്പനികള്‍ വ്യാപകമായി ശ്രമിച്ച് വരുന്നത്.

Top