പൊടിപൊടിക്കുന്ന ചൈനീസ് കൂറ ബിസിനസിന്റെ വിശേഷങ്ങൾ

കൂറകളെ വളര്‍ത്തുന്ന ഫാമുകളുള്ള രാജ്യമാണ് ചൈന. ഭൂമിയിലാകെയുള്ള മനുഷ്യരേക്കാള്‍ കൂടുതല്‍ കൂറകള്‍ ഓരോ വര്‍ഷവും ചൈനയിലെ ഫാമുകളില്‍ ജനിക്കാറുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കള്‍, മരുന്നുകള്‍, മൃഗങ്ങളുടെ ഭക്ഷണം എന്നിവക്കെല്ലാമായാണ് കൂറകളെ വളര്‍ത്തുന്നത്. നിയമവിരുദ്ധമൊന്നുമല്ലെങ്കിലും ഇപ്പോഴും അതീവ രഹസ്യമായാണ് ചൈനയില്‍ ഈ കൂറ ഫാമുകളുടെ പ്രവര്‍ത്തനം.

2018ല്‍ ചൈനീസ് മരുന്നു നിര്‍മാണ കമ്പനിയായ ഗുഡ് ഡോക്ടര്‍ ഒരു പ്രഖ്യാപനം നടത്തി. പോയവര്‍ഷം തങ്ങള്‍ കൂറകളില്‍ നിന്നും നിര്‍മിക്കുന്ന മരുന്ന് മാത്രം വിറ്റ് 6,84 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം 5,100 കോടി രൂപ) വരുമാനം ഉണ്ടാക്കിയെന്നതായിരുന്നു ആ പ്രഖ്യാപനം. ചൈനയില്‍ കൂറകളുടെ ഉപയോഗം മരുന്നുകളിലും സൗന്ദര്യ വര്‍ധക വസ്തുക്കളിലും മാത്രമല്ലെന്നതാണ് മറ്റൊരു കാര്യം. വലിയ ഫാമുകളില്‍ വളര്‍ത്തുന്ന മറ്റു മൃഗങ്ങള്‍ക്കുള്ള മാംസ്യം നിറഞ്ഞ ഭക്ഷണമായും ചില ചൈനീസ് റെസ്റ്റോറന്റുകളില്‍ സ്‌പെഷ്യല്‍ വിഭവമായും കൂറകളെ വിളമ്പാറുണ്ട്.

മറ്റു ഫാം ബിസിനസുകളെ അപേക്ഷിച്ച് കൂറകളുടെ ഫാം നിര്‍മിക്കാന്‍ ചെലവും പരിപാലന ചെലവും കുറവാണ്. ഇവ അതിവേഗത്തില്‍ ഇരട്ടിക്കുകയും ചെയ്യും. അനുകൂല സാഹചര്യത്തില്‍ ഒരൊറ്റ ജര്‍മന്‍ കൂറയില്‍ നിന്നു മാത്രം മൂന്നു ലക്ഷത്തോളം കൂറകള്‍ ജനിക്കും. മാത്രമല്ല അപൂര്‍വമായാണ് ഇവക്ക് അസുഖങ്ങള്‍ വരാറ്. ഭക്ഷണകാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ച് നിര്‍ബന്ധമില്ല. സാധാരണ അടുക്കള മാലിന്യം പോലും കൊടുത്താല്‍ കൂറകള്‍ക്ക് കുശാലായി.

ചൈനയിലെ മുന്‍നിര കൂറ ഫാം ഉടമകളിലൊരാളായ വാങ് ഫ്യുമിങ് 2013ല്‍ എല്‍എ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഈ മേഖലയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ‘ആദ്യം പന്നികളുടെ ഫാം തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. എന്നാല്‍ പരമ്പരാഗത ഫാമിങ് രീതികള്‍ വഴി ഇതിന്റെ ലാഭം തുലോം തുച്ഛമാണ്. കൂറകളുടെ കാര്യത്തിലാണെങ്കില്‍ 20 യുവാന്‍ മുടക്കിയാല്‍ എനിക്ക് 150 യുവാന്‍ തിരിച്ചു കിട്ടും’ എന്നായിരുന്നു വാങ് ഫ്യൂമിങ് പറഞ്ഞത്. ചൈനയിലെ ഏറ്റവും വലിയ കൂറ ഫാം സിചാങിലെ ഗുഡ് ഡോക്ടറിന്റേതാണ്. 2018ലെ കണക്കുകള്‍ പ്രകാരം ഈ ഫാം പ്രതിവര്‍ഷം 600 കോടി കൂറകളെയാണ് ഉത്പാദിപ്പിക്കുന്നത്.

ചൈനയിലെ ഷാങ്ക്വി നഗരത്തിലും വമ്പന്‍ കൂറ ഫാമുകളുണ്ട്. മറ്റു മൃഗങ്ങളുടെ ഫാമുകളിലേക്കു വേണ്ട മാംസ്യ സമൃദ്ധമായ ജൈവ ഭക്ഷണം കൂടിയായി കൂറകള്‍ മാറാറുണ്ട്. വലിയ തോതില്‍ ജൈവ മാലിന്യങ്ങള്‍ ഇത്തരം കൂറ ഫാമുകളില്‍ ഭക്ഷണത്തിന് ആവശ്യവുമാണ്. ലി യാനോര്‍ങ് എന്ന കൂറ ഫാം മുതലാളി പറയുന്നത് അദ്ദേഹത്തിന്റെ ഫാമിലെ കൂറകള്‍ക്ക് മാത്രം പ്രതിദിനം ഏതാണ്ട് 50,000 കിലോഗ്രാം അടുക്കള മാലിന്യം ഭക്ഷണത്തിനായി വേണ്ടി വരാറുണ്ടെന്നാണ്. ജൈവ മാലിന്യത്തിന്റെ കാര്യക്ഷമമായ പുനരുപയോഗവും ഈ കൂറ ഫാമുകള്‍ വഴി സാധ്യമാവുന്നുണ്ട്.

തീരെ വെല്ലുവിളികളില്ലാത്ത മേഖലയാണ് കൂറ ഫാമിങ് എന്നു കരുതരുത്. ഇപ്പോഴും ചൈനയിലെ വന്‍കിട കൂറ ഫാമുകള്‍ അതീവ രഹസ്യമായാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും കൂറ ഫാമുകളില്‍ നിന്നും കൂറകള്‍ പുറത്തേക്ക് പോകാനിടവന്നാലുള്ള അവസ്ഥയൊന്ന് ചിന്തിച്ചു നോക്കൂ. അധികൃതരും നാട്ടുകാരും ആദ്യം അന്വേഷിക്കുക കൂറ ഫാം ഉടമകളെയാവുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല.

ഇത്തരമൊരു അടിയന്തര സാഹചര്യം 2013ല്‍ ഉണ്ടായിട്ടുമുണ്ട്. ചൈനയിലെ ഡഫെങ് ജില്ലയിലെ ഒരു ഗ്രീന്‍ഹൗസ് കൂറ നേഴ്‌സറിയില്‍ നിന്നും കൂറകള്‍ കൂട്ടമായി പുറത്തിറങ്ങുകയായിരുന്നു. ഫാമിന് ഏതോ അജ്ഞാതന്‍ കേടുവരുത്തിയതോടെയാണ് കൂറകള്‍ പുറത്തെത്തിയത്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനായി ഫാമിന് ചുറ്റും വലിയ കിടങ്ങുകളില്‍ കൂറകളെ തിന്നുന്ന മീനുകളെ വളര്‍ത്തുകയാണ് ഗുഡ് ഡോക്ടര്‍ പോലുള്ള വന്‍കിടക്കാര്‍ ചെയ്യുന്നത്. അങ്ങനെയാവുമ്പോള്‍ ഫാമില്‍ നിന്നും രക്ഷപ്പെട്ട് കൂറകള്‍ പുറത്തെത്തിയാലും അവ കിടങ്ങ് കടക്കുകയില്ല.

Top