രാത്രി പത്തു മണി കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിം വേണ്ട ; നിയമം വരുന്നു

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിം ഭ്രമം അവസാനിപ്പിക്കാന്‍ നിയമവുമായി ചൈന.ഒന്നര മണിക്കൂറിനു മേല്‍ ഇനി ഓണ്‍ലൈന്‍ ഗെയിം പാടില്ലെന്നാണ് കുട്ടികള്‍ക്കായുള്ള നിയമത്തില്‍ പറയുന്നത്. രാത്രി പത്തിനും രാവിലെ 8 മണിയ്ക്കുമിടയില്‍ ഗെയിം കളിക്കാന്‍ പാടില്ലെന്നും പുതിയ നിയമത്തില്‍ പറയുന്നു

കുട്ടികളുടെ പഠനത്തില്‍ നിന്നുള്ള ശ്രദ്ധ മാറുന്നതും സാമൂഹിക ഇടപെടല്‍ കുറയുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ തീരുമാനം. രാജ്യത്തെ 16 വയസിന് താഴെയുള്ള 33 മില്യണ്‍ കുട്ടികള്‍ ഇന്റര്‍നെറ്റിന് അടിമയാണെന്ന് കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമേഴ്‌സ് ഐ.ഡി രജിസ്‌ട്രേഷന്‍ നടത്തി വേണം ഗെയിം ഉപയോഗിക്കാന്‍.

ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍ കുറയ്ക്കാനായി പണം ഈടാക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്. മാസത്തില്‍ ടോപ് അപ് ചെയ്യാന്‍ കുട്ടികള്‍ക്ക് ഇത്ര രൂപയെന്നും മുതിര്‍ന്നവര്‍ക്ക് ഇത്ര രൂപയെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് അഡിക്ഷനെന്നത് ഒരു രോഗമായി മാറിയിരിക്കേ ഇതിന് തടയിടാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്.17 മണിക്കൂറുകള്‍ വരെ ഓണ്‍ലൈന്‍ ഗെയിമിനായി ചിലവഴിക്കുന്നവരുണ്ട്. 800 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 29 മില്യണ്‍ പേരും പത്തുവയസിന് താഴെയാണെന്നിരിക്കേയാണ് പുതിയ നിയമങ്ങള്‍. കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കി മാതാപിതാക്കള്‍ തെറ്റായ ശീലം വളര്‍ത്തുന്നുവെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. പുതിയൊരു മാറ്റത്തിനായിട്ടാണ് നിയമം കൊണ്ടുവരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Top