ചൈനീസ് വണ്ടിക്കമ്പനിയായ എം ജി മോട്ടോർ ഇന്ത്യയുടെ വിൽപ്പന ഇടിഞ്ഞു

ചൈനീസ് വാഹന ബ്രാന്‍ഡായ എം‌ജി മോട്ടോർ ഇന്ത്യ 2022 ജൂലൈയിൽ 4,013 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുൻ വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ഇതേ മാസത്തെ 4,225 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 5.02 ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചത്. നിലവിൽ, കമ്പനിയുടെ ഇന്ത്യൻ ഉൽപ്പന്ന ശ്രേണിയിൽ അഞ്ച് മോഡലുകളുണ്ട്. ഹെക്ടർ, ഹെക്ടർ പ്ലസ്, ആസ്റ്റർ, ഗ്ലോസ്റ്റർ, ഇസെഡ്എസ് ഇവി എന്നവയാണവ.

ചൈനീസ് വാഹന നിർമാതാക്കളിൽ നിന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് എംജി ഹെക്ടർ. നിലവിൽ, എംജി മോട്ടോർ ഇന്ത്യക്ക് വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും ഇറക്കുമതി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങളും ബാധിക്കുന്നുണ്ട്. വിതരണ ശൃംഖലയിലെയും ഉൽപ്പാദനത്തിലെയും പ്രശ്‍നങ്ങള്‍ കൈകാര്യം ചെയ്യുന്നത് തുടരുകയാണെന്ന് എംജി ഒരു ഔദ്യോഗിക പ്രസ്താവനയിൽ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം ഈ ദീപാവലി സീസണിൽ, എം‌ജി ഹെക്ടർ എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പ്രധാന അപ്‌ഡേറ്റുകളിലൊന്ന് ലെവൽ 2 ADAS (വിപുലമായ ഡ്രൈവർ സഹായ സംവിധാനം) രൂപത്തിൽ വരാൻ സാധ്യതയുണ്ട്. ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു. പുതിയ 2022 എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിന് ആസ്റ്റർ എസ്‌യുവിയിൽ കണ്ടതുപോലെ  ആർട്ടിഫിഷ്യൽ ഇന്റലിജന്റ് സഹായവും ലഭിച്ചേക്കാം.

Top