രണ്ടു പതിറ്റാണ്ട് പിന്നിട്ട കരിയറിന് വിട; ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാന്‍ വിരമിച്ചു

ബെയ്ജിങ്: ബാഡ്മിന്റണ്‍ ഇതിഹാസം ചൈനയുടെ ലിന്‍ ഡാന്‍ വിരമിച്ചു. രണ്ടു പതിറ്റാണ്ട് പിന്നിട്ട കരിയറിനു പിന്നാലെയാണ് ഈ 36-കാരന്‍ വിടപറയുന്നത്. കോവിഡിനെ തുടര്‍ന്ന് ടോക്കിയോ ഒളിമ്പിക്സ് അനിശ്ചിതത്വത്തിലായതോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഒളിമ്പിക്സില്‍ രണ്ടു തവണ സ്വര്‍ണ മെഡല്‍ നേടിയ ലിന്‍ ഡാന്‍ അഞ്ചു തവണ ലോക ചാമ്പ്യനുമായിട്ടുണ്ട്. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിലും 2012-ലെ ലണ്ടന്‍ ഒളിമ്പിക്സിലുമാണ് അദ്ദേഹം സ്വര്‍ണ മെഡല്‍ നേടിയത്.

ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ലിന്‍ ഡാനിന്റെ ഏറ്റവും വലിയ എതിരാളിയും പുറത്ത് അടുത്ത സുഹൃത്തുമായിരുന്ന മലേഷ്യയുടെ ലീ ചോങ് വെയ് വിരമിച്ച് തൊട്ടുപിന്നാലെയാണ് ലിന്‍ ഡാന്റെയും മഹത്തായ കരിയറിന്റെ അവസാനം.

ഏറെ വേദനയോടെയാണ് താന്‍ ഈ തീരുമാനമെടുക്കുന്നതെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വേളയില്‍ അദ്ദേഹം പറഞ്ഞു.

Top