പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ നിന്ന് ചൈനീസ് സേന പിന്‍വാങ്ങിയില്ല

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ ചൈനീസ് സേന സന്നാഹം പിന്‍വാങ്ങിയില്ലെന്ന് തെളിവാകുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. ചൈനീസ് സേന കടന്നുകയറിയ 5, 6 മലനിരകളുടെ ഭാഗത്തുള്ള തടാകക്കരയില്‍ 13 സേനാ ബോട്ടുകളാണ് കഴിഞ്ഞ 29 ലെ ഉപഗ്രഹ ദൃശ്യങ്ങളിലുള്ളത്.

ഒരു ബോട്ടില്‍ 10 സൈനികരെ എത്തിക്കാനാകും. ഇവരെ പാര്‍പ്പിക്കുന്നതിനുള്ള നാല്‍പതോളം ടെന്റുകളും തടാകക്കരയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ലിപുലേഖ് ചുരത്തിനു സമീപവും ചൈനീസ് സേനയുടെ സാന്നിധ്യം.

ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യന്‍ സേന നിലയുറപ്പിച്ചിരിക്കുന്ന നാലാം മലനിരയ്ക്കു സമീപമുള്ള പ്രദേശമാണിത്. അതിര്‍ത്തിയില്‍ ഭൂരിഭാഗം സ്ഥലങ്ങളില്‍ നിന്നും പിന്മാറിയെന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യാജമാണെന്നു തെളിയിക്കുന്നതാണു ദൃശ്യങ്ങള്‍. ശൈത്യകാലത്തും പ്രദേശത്തു തുടരാനുള്ള നീക്കമാണു ചൈന നടത്തുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതിര്‍ത്തി തര്‍ക്കത്തിനു പരിഹാരം തേടി ഇരു സേനകളുടെയും കമാന്‍ഡര്‍മാര്‍ വരും ദിവസങ്ങളില്‍ വീണ്ടും കൂടിക്കാഴ്ച നടത്തും.

Top