ചൈനീസ് സൈന്യം ഇന്ത്യക്കെതിരെ യുദ്ധ പരിശീലനത്തിലെന്ന് റിപ്പോർട്ട്

ബെയ്ജിങ്: ഇന്ത്യൻ സൈന്യം ചൈനയുടെ ഭീഷണിക്ക് വഴങ്ങി ദോക് ലായിൽ നിന്നും പിൻമാറാത്തതിനെ തുടർന്ന് ചൈന ആക്രമണ പാതയിലേക്ക് ?

യുദ്ധസമാനമായ സാഹചര്യത്തിൽ നേരിടുന്ന പരിശീലനം ഇതിനകം ചൈനീസ് സൈന്യം തുടങ്ങി കഴിഞ്ഞു.

5100 മീറ്റർ ഉയർന്ന പ്രദേശത്ത് വച്ച് യുദ്ധ ടാങ്ക് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് പരിശീലനം നടത്തിയതായി ചൈനീസ് വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തു.

മാത്രമല്ല തൽസമയമായി വെടിവയ്പ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശീലിക്കുകയും ചെയ്തു. സൈനിക നടപടികൾ, ആക്രമണം, വെടിവയ്പ്പ് പരിശീലനം ആയുധങ്ങളുടെ സമഗ്ര പരിശീലനം തുടങ്ങിയവ നടന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ആക്രമണവും പ്രതിരോധവും പരിശീലനത്തിന്റെ ഭാഗമായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ചൈനീസ് വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും യുദ്ധ ടാങ്ക് ചൈന പരീക്ഷിച്ചിരുന്നു.

സിക്കിം അതിർത്തിയിലെ ദോക് ലായിൽ നിന്നും ഇന്ത്യ സൈന്യത്തെ പിൻവലിച്ച് തെറ്റു തിരുത്തണമെന്നാണ് ചൈനയുടെ ആവശ്യം.

എന്നാൽ, ചൈനയാണ് അതിർത്തി ലംഘിക്കുന്നതെന്നാണ് ഇന്ത്യയുടെ ആരോപണം.

അതേസമയം ചൈനീസ് അതിർത്തിയിൽ ഇന്ത്യയും സൈനിക ശക്തി വർധിപ്പിക്കുന്നുണ്ട്. ഈ നടപടികൾക്കെല്ലാം പിന്നാലെയാണ് പുതിയ ഉപകരണങ്ങൾ പരീക്ഷിച്ച് ചൈന സൈനിക പരിശീലനം നടത്തിയത്.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കൂടി ചൈനീസ് പ്രസിഡൻറ് റദ്ദാക്കിയതോടെ ഏത് നിമിഷവും അതിർത്തിയിൽ സംഘർഷം പൊട്ടി പുറപ്പെട്ടേക്കാമെന്ന സാഹചര്യമാണ് നിലവിൽ.

ലോക രാഷ്ട്രങ്ങളിൽ അമേരിക്ക, റഷ്യ, ഫ്രാൻസ്, ജപ്പാൻ, ഇസ്രയേൽ, ബ്രിട്ടൻ തുടങ്ങിയ വൻശക്തികൾ ഇന്ത്യക്കെതിരായ ഏതൊരു നീക്കത്തിനെതിരെയും രംഗത്ത് വരുമെന്നതിനാൽ ‘കൈവിട്ട’ കളിക്ക് ചൈന ഇറങ്ങിയാൽ ഇത്തവണ അവർക്ക് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പ്രമുഖ നയതന്ത്ര വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

Top