ചൈനീസ് സൈന്യം പാക് അധിനിവേശ കശ്മീരില്‍ ഭൂഗർഭബങ്കർ നിർമിക്കുന്നതായി റിപ്പോർട്ട്

ഡല്‍ഹി: പ്രതിരോധ മേഖലയിലും പാകിസ്താനുമായി സഹകരിച്ച് ചൈന. സാമ്പത്തിക ഇടനാഴിക്ക് പുറമേയാണ് ചൈനയുടെ ഈ സഹകരണം. പാക് അധിനിവേശ കശ്മീരില്‍ ചൈന പ്രതിരോധ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് അധിനിവേശ കശ്മീരിലെ ഷര്‍ദ്ദ മേഖലയിലാണ് പന്ത്രണ്ടോളം ചൈനീസ് പട്ടാളക്കാരെ കണ്ടെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് സൈന്യത്തിനായി ചൈന ഭൂഗര്‍ഭ ബങ്കര്‍ നിര്‍മിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നീലം താഴ്‌വരയ്ക്ക് സമീപം കേല്‍ പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈനീസ് എന്‍ജിനീയര്‍മാര്‍ പാകിസ്താനായി നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത്. ഈ മേഖലയില്‍ നിന്നാണ് കശ്മീരിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറ്റം നടത്തുന്നത്.

സിന്ധ് മേഖലയിലും ബലൂചിസ്താനിലും ചൈന നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട്. അതേസമയം, എന്തിനാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പാകിസ്താന് വേണ്ടി പ്രതിരോധ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതെന്ന് വ്യക്തമല്ല. പാക് സൈന്യത്തെ സഹായിക്കാനാകാം ഇത്തരമൊരു നീക്കമെന്നാണ് കരുതപ്പെടുന്നത്.

ചൈനീസ് പാകിസ്താന്‍ സാമ്പത്തിക ഇടനാഴി വിചാരിച്ച ഫലം കാണാതിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഭൂമി നഷ്ടപ്പെടുന്നതില്‍ പ്രദേശവാസികള്‍ക്ക് കടുത്ത വിയോജിപ്പുള്ളത് കൂടി കണക്കിലെടുത്ത് വേണം ഇപ്പോഴത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കാണാന്‍.

Top