സംസ്ഥാനത്തെ എല്ലാ പശുക്കൾക്കും സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുക ലക്ഷ്യമെന്ന് ചിഞ്ചുറാണി

കല്‍പ്പറ്റ: സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതി നടപ്പാക്കുന്നതോടെ കിടാരി നഷ്ടപ്പെടുന്ന കര്‍ഷകന് അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാനും ക്ഷീര മേഖലയില്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിച്ച് പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

‘സംസ്ഥാനം പാല്‍ ഉത്പാദനത്തില്‍ 90 ശതമാനം നേട്ടം കൈവരിച്ചതായും അധിക പാലായി 10 ശതമാനം ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന ജില്ലകളില്‍ വയനാട് രണ്ടാമതാണ്.’ തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും ക്ഷീര സംഘങ്ങളിലൂടെ ശേഖരിക്കുന്ന പാലിന്റെ കറവ സമയം മാറ്റിയ തോടെ പത്ത് ശതമാനം അധിക പാല്‍ ലഭ്യമാവുന്നതായും മന്ത്രി പറഞ്ഞു. ‘ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാലിത്തീറ്റ, മറ്റ് തീറ്റ ഉത്പന്നങ്ങള്‍ കഴിച്ച് കന്നുകാലികള്‍ മരണപ്പെട്ടാല്‍, മരണകാരണമായ ഭക്ഷണ ഉത്പന്നം ഇറക്കുമതി ചെയ്ത കമ്പനി കന്നുകാലിയെ വാങ്ങി നല്‍കണം. ക്ഷീരകര്‍ഷകര്‍ക്ക് പലിശ രഹിത വായ്പകള്‍ ഉറപ്പാക്കും.’ സംസ്ഥാനത്തെ ഏല്ലാ ജില്ലയിലും കിടാരി പാര്‍ക്ക് ആരംഭിക്കുമെന്നും കിടാരി പാര്‍ക്കില്‍ വളരുന്ന കന്നുക്കുട്ടികളെ കര്‍ഷകര്‍ക്ക് നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകരുടെ കുടുംബാഗംങ്ങള്‍ക്ക് ചികിത്സക്കായുള്ള ക്ഷീര സാന്ത്വനം ഇന്‍ഷൂറന്‍സ് പദ്ധതി പുനഃസ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. ‘പദ്ധതിയില്‍ 6000 പേരാണ് അംഗങ്ങളായിട്ടുള്ളത്. അപേക്ഷകര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ക്ഷീരകര്‍ഷകങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കുന്നതില്‍ നടപടി സ്വീകരിക്കും. പശുക്കളെ കൃത്യതയോടെ പരിപാലിച്ച് പുതിയ ഇനം ബീജം കുത്തിവെച്ച് മികച്ച കിടാരികളിലൂടെ കൂടുതല്‍ പാല്‍ ഉത്പാദനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കും.’ മൃഗസംരക്ഷണ പരിപാലനത്തില്‍ കര്‍ഷകര്‍ക്ക് മികച്ച രീതിയില്‍ ബോധവത്ക്കരണം നടത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Top