അമേരിക്കക്ക് പരോക്ഷ മറുപടിയുമായി ചൈനീസ് പ്രസിഡന്‍റ്

ചൈനയെ അടിച്ചമര്‍ത്താനോ ഭയപ്പെടുത്താനോ ഒരു വിദേശശക്തിയും ശ്രമിക്കണ്ടെന്ന് പ്രസിഡന്‍റ് ഷി ജിന്‍ പിംഗ്. കഠിനാധ്വാനം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിയ തങ്ങളെ ഇനി ഭയപ്പെടുത്തി നിര്‍ത്താമെന്ന് ആരും കരുതണ്ടെന്ന് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് വിരുദ്ധ നിലപാട് തുടരുന്ന തായ്‍വാനും അമേരിക്കയ്ക്കും എതിരെയുള്ള മുന്നറിയിപ്പാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഒരു രാജ്യത്തെയും അടിച്ചമര്‍ത്താനോ പിടിച്ചടക്കാനോ ചൈന ശ്രമിക്കില്ല. എന്നാല്‍ ഏതെങ്കിലും വിദേശ ശക്തി ചൈനയെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ തങ്ങളുടെ ദേശീയ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാനുള്ള ചൈനീസ് ജനതയുടെ മഹത്തായ ദൃഢനിശ്ചയം, ശക്തമായ ഇച്ഛാശക്തി, അസാധാരണമായ കഴിവ് എന്നിവ ആരും കുറച്ചുകാണരുതെന്നും ഷി ജിന്‍ പിംഗ് പറഞ്ഞു.

അങ്ങനെ ചെയ്യാൻ ശ്രമിക്കുന്ന ഏതൊരാളും 1.4 ബില്യൺ ചൈനീസ് ജനത കെട്ടിപ്പെടുക്കുന്ന വലിയ ഉരുക്ക് മതിലുമായി കൂട്ടിയിടിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Top