ചൈനയുടെ മുന്നറിയിപ്പ് തള്ളി; അമേരിക്കന്‍ സ്പീക്കര്‍ തായ്‌വാനില്‍

തായ്‌പെയ്: ചൈനയുടെ കനത്ത എതിർപ്പിനിടെ, അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി. മലേഷ്യയിൽ നിന്നാണ് നാൻസി തായ്‌വാനിലെ തായ്‌പെയ് വിമാനത്താവളത്തിലെത്തിയത്.

അമേരിക്കയുടെ പ്രത്യേക വിമാനത്തിലാണ് നാൻസി എത്തിയത്. ഈ വിമാനത്തിന് തായ്‌വാന്റെ ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയുണ്ടായിരുന്നു. സുരക്ഷാ മുൻകരുതലിന് അമേരിക്കൻ-തായ്‌വാൻ സംയുക്ത സേനയുടെ വൻ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന അമേരിക്കയുടെ പ്രധാന നേതാവാണ് നാൻസി.

നാൻസി തായ്‌വാനിൽ എത്തുന്നതിന് എതിരെ ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ നീക്കത്തിന് കനത്ത വില നൽകേണ്ടിവവരുമെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാല വക്താവ് ഹുവ ചുനിയിങ് പറഞ്ഞു ‘ചൈനയുടെ പരമാധികാര സുരക്ഷാ താൽപ്പര്യങ്ങളെ തുരങ്കം വയ്ക്കുന്നതിന് യുഎസ് വില നൽകേണ്ടിവരും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാൻസിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ, തായ്‌വാൻ തീരത്ത് അമേരിക്ക യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. തായ്വാൻ തീരത്തിന് കിഴക്കായാണ് എയർ ക്രാഫ്റ്റ് കാരിയർ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ അമേരിക്ക വിന്യസിച്ചിരിക്കുന്നത്.

സൗത്ത് ചൈന കടലിൽ വിന്യസിച്ചിരുന്ന എയർ ക്രാഫ്റ്റ് കാരിയർ ഷിപ്പ് റൊണാൾഡ് റീഗൺ ആണ് ഫിലിപ്പീൻസ് കടലിൽ തായ്വാന്റെ കിഴക്കൻ തീരത്തിന് സമീപം എത്തിയിരിക്കുന്നത്.

എന്നാൽ യുദ്ധക്കപ്പലുകളുടെ വിന്യാസത്തിൽ അസ്വാഭാവികതയില്ലെന്നും സ്ഥിരം നടപടി മാത്രമാണെന്നുമാണ് അമേരിക്കൻ നേവി നൽകുന്ന വിശദീകരണമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ചൈനയുടെ യുദ്ധവിമാനങ്ങൾ ചൊവ്വാഴ്ച രാവിലെ തായ്വാൻ മേഖലയിൽ നിരീക്ഷണം നടത്തിയിരുന്നു. അതേസമയം, അമേരിക്കൻ യുദ്ധക്കപ്പലുകളുടെ വിന്യാസത്തിൽ ചൈന പ്രതികരണം നടത്തിയിട്ടില്ല.

Top